ജോസഫൈന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി പികെ ശ്രീമതി

ജോസഫൈന്റെ അപ്രതീക്ഷിത വിയോഗത്തിൽ വിങ്ങിപ്പൊട്ടി പികെ ശ്രീമതി. 1978 മുതൽ ഒരുമിച്ചാണ് പ്രവർത്തിച്ചിരുന്നതെന്നും കഴിഞ്ഞദിവസം വരെയും ഒപ്പമുണ്ടായിരുന്ന ജോസഫൈന്റെ വിയോഗം തനിക്ക് ഉൾക്കൊള്ളാനാകുന്നില്ലെന്നും പികെ ശ്രീമതി പറഞ്ഞു. അവസാനം വരെയും ജോസഫൈന് എല്ലാം പാർട്ടിയായിരുന്നു. പ്രസ്ഥാനത്തിനാകെ വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. സി.പി.ഐ.എം എന്ന പ്രസ്ഥാനം കഴിഞ്ഞതിന് ശേഷമേ ജീവിതത്തിൽ മറ്റെന്തിനും പ്രാധാന്യമുള്ളൂ എന്ന് ഉരുവിട്ടുകൊണ്ടിരുന്ന നേതാവിനെയാണ് നഷ്ടമായതെന്നും ശ്രീമതി അനുശോചിച്ചു.
അന്തരിച്ച എംസി ജോസഫൈൻ സ്ത്രീകൾക്കും തൊഴിലാളികൾക്കും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ജോസഫൈന്റെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങൾക്കും സ്ത്രീ മുന്നേറ്റത്തിനും കനത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് തീരാനഷ്ടമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് തികഞ്ഞ ആത്മാർത്ഥതയുണ്ടായിരുന്ന നേതാവിനെയാണ് നഷ്ടമായതെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന നേതാവായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു.
കണ്ണൂരിലെ എകെജി ആശുപത്രിയിലാണ് സി.പി.ഐ.എം മുൻ കേന്ദ്ര കമ്മിറ്റിയംഗം എം.സി ജോസഫൈൻ ഹൃദയാഘാതം മൂലം അന്തരിച്ചത്. ഇന്നലെ സി.പി.ഐ.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവേ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
Story Highlights: PK Sreemathi Condolences on the death of Josephine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here