ചക്കയെ ചൊല്ലി തർക്കം; വീടിന് തീയിട്ട് യുവാവ്

ചക്കയെ ചൊല്ലിയുള്ള കുടുംബത്തർക്കത്തെ തുടർന്ന് വീടിന് തീയിട്ട യുവാവ് അറസ്റ്റിലായി. അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടിൽ സജേഷിനെ (46) ആണ് പിതാവ് ശ്രീധരൻറെ പരാതിയിൽ നെടുപുഴ പൊലീസ് സബ് ഇൻസ്പെക്ടർ എം.വി.പൗലോസ് അറസ്റ്റ് ചെയ്തത്. സജേഷിന്റെ കുട്ടികളുടെ പുസ്തകങ്ങളും എസ്എസ്എൽസി പരീക്ഷയെഴുതാനുള്ള ഹാൾ ടിക്കറ്റുകളും സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളുമടക്കം തീവെച്ച് നശിപ്പിച്ചു. ശ്രീധരൻറെ മകൾ താമസിക്കുന്ന പെരിഞ്ചേരിയിലെ വീട്ടിൽ നിന്നും മരുമകൻ എത്തിച്ച ചക്കയെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിലേക്കും ഒടുവിൽ വീടിന് തീയിടുന്നതിലേക്കുമെത്തിയത്.
സജേഷിൻറെ ഭാര്യ വിദേശത്താണ്. സജേഷിനൊപ്പം പത്താം ക്ലാസിലും എട്ടാംക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുമാണ് താമസിക്കുന്നത്. ഞായറാഴ്ച പകലിൽ ശ്രീധരൻറെ മകളുടെ ഭർത്താവ് സജേഷിൻറെ വീട്ടിൽ ചക്ക എത്തിച്ചിരുന്നു. ഇത് കൊണ്ടു വന്നത് ചോദിച്ച് സജേഷും ശ്രീധരൻറെ മരുമകനുമായും തർക്കത്തിലാവുകയും കത്തിയെടുത്ത് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. തർക്കത്തിന് ശേഷം മരുമകനുമൊന്നിച്ച് പെരിഞ്ചേരിയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് രാത്രിയിലാണ് സജേഷ് വീടിന് തീയിട്ടത്.
സജേഷിൻറെ വീടിന് സമീപത്തുള്ളവരാണ് വീടിന് തീയിട്ട വിവരം ശ്രീധരനെ അറിയിച്ചത്. ഉടൻ സ്ഥലത്തെത്തി അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ അണച്ചുവെങ്കിലും കുട്ടികളുടെ പഠിക്കാനുള്ള പുസ്തകങ്ങളും ഹാൾടിക്കറ്റും മറ്റ് സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും കത്തി നശിച്ചിരുന്നു. സജേഷിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ സജേഷിനെ റിമാൻഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അടുത്ത ദിവസം ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീനാഥ്, പ്രിയൻ എന്നിവരുമുണ്ടായി.
Story Highlights: Controversy over chukka; The young man set the house on fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here