Advertisement

ഇമ്രാനെ ഖാനെ പിന്തുണച്ച് തെരുവിലിറങ്ങി പതിനായിരങ്ങൾ

April 12, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായ ഇമ്രാൻ ഖാന് പിന്തുണയുമായി പാക്ക് നഗരവീഥികളിൽ പതിനായിരങ്ങളുടെ പ്രകടനം. വിദേശ ഗൂഢാലോചനയിലൂടെ തന്റെ സർക്കാരിനെ പുറത്താക്കിയതിന് എതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ ഇമ്രാൻ അനുയായികളോട് ആഹ്വാനം ചെയ്തിരുന്നു. ഇസ്‌ലാമാബാദിൽ ഞായറാഴ്ച രാത്രി നടന്ന പ്രകടനങ്ങളിൽ സ്ത്രീകളടക്കം വൻ ജനപങ്കാളിത്തമാണുണ്ടായത്.

അമേരിക്കയുടെ സുഹൃത്തുക്കൾ രാജ്യദ്രോഹികൾ എന്ന് മുദ്രാവാക്യം വിളിച്ച ജനക്കൂട്ടം യുഎസിനും സൈന്യത്തിനുമെതിരെ സ്വരമുയർത്തി. സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയ്ക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർന്നു.

2018 ൽ സൈന്യത്തിന്റെ ആശീർവാദത്തോടെ അധികാരത്തിലെത്തിയ ഇമ്രാൻ കഴിഞ്ഞവർഷം മുതലാണ് സൈന്യവുമായി അകന്നത്. അടുത്തകാലം വരെ സൈന്യത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചിരുന്ന പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പ്രവർത്തകർ, അവിശ്വാസത്തിലൂടെ ഇമ്രാൻ പുറത്തായതോടെയാണു സൈന്യത്തിനെതിരെ തിരിഞ്ഞത്. സേനയെ വെല്ലുവിളിക്കുന്ന പ്ലക്കാർഡുകളുയർത്തി ഒട്ടേറെ യുവാക്കൾ തെരുവിലിറങ്ങിയതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

പണത്തട്ടിപ്പുകേസിൽ കോടതി കുറ്റപത്രം നൽകാനിരിക്കുന്ന ഷഹബാസിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കരുതെന്ന ആവശ്യം പിടിഐ കഴിഞ്ഞ ദിവസം ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല.

വിദേശഗൂഢാലോചനയിൽ രൂപീകരിച്ച സർക്കാരിന്റെ ഭാഗമാകാൻ തയാറല്ലെന്നാണ് ഇന്നലെ മുൻമന്ത്രി ഫവാദ് ചൗധരി സഭയിൽ പ്രഖ്യാപിച്ചത്. ‘രാജ്യത്തിനു 2 മാർഗങ്ങളുണ്ട്– ആത്മാഭിമാനത്തിന്റെ വഴി, അല്ലെങ്കിൽ അടിമത്തത്തിന്റെ വഴി’– സഭാ ബഹിഷ്കരണത്തിനു മുൻപേ പിടിഐ ഉപാധ്യക്ഷൻ കൂടിയായ ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തതിനു പിന്നാലെ ഇമ്രാന്റെ കക്ഷിയിലെ എംപിമാരെല്ലാം രാജി നൽകുകയും ചെയ്തു.

അഴിമതിയുടെ കറ പുരളാത്ത നേതാവ് എന്ന പ്രതിഛായയാണ് ഇമ്രാനെ ഇപ്പോഴും ജനപ്രിയനായി നിലനിർത്തുന്നത്. ദശകങ്ങളായി തുടരുന്ന ഭൂട്ടോ–ഷരീഫ് കുടുംബങ്ങളുടെ ആധിപത്യവും അഴിമതിയും മടുത്ത മധ്യവർഗ സമൂഹമാണ് ഇമ്രാന്റെ അനുയായികളിലേറെയും. സാമ്പത്തിക മാന്ദ്യത്തിനു നടുവിൽ രാജ്യം നട്ടം തിരിയുകയാണെങ്കിലും ഇമ്രാനുള്ള പിന്തുണയ്ക്ക് ഇടിവു സംഭവിച്ചിട്ടില്ലെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ.

അതേസമയം, ഷഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞ കഴിഞ്ഞതിന് പിന്നാലെ ഷഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്തെത്തിയിരുന്നു. ഭീകരവിരുദ്ധ മേഖല സൃഷ്ടിക്കാൻ ഒരുമിച്ച് പോരാടാമെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യ സമാധാനവും സ്ഥിരതയും ആഗ്രഹിക്കുന്നുണ്ടെന്നും ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായതിന് പിന്നാലെ കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷഹബാസ് ഷെരീഫ് ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് ആ​ഗ്രഹിക്കുന്നത്. എല്ലാ അന്താരാഷ്ട്ര വേദികളിലും കശ്മീർ വിഷയം ഉന്നയിക്കും. ഇന്ത്യയുമായി നല്ല ബന്ധമാണ് ആ​ഗ്രഹിക്കുന്നതെന്നും ദാരിദ്ര്യം ഇല്ലാതാക്കാനായി ഒരുമിച്ച് നിന്ന് പോരാടാമെന്നും ഷഹബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു.

കശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ച വേണമെന്ന് പാകിസ്താൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബാജ്വ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.
പിഎംഎൽ (എൻ) വിഭാഗം നേതാവായ ഷഹബാസ് ഷെരീഫ് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താൻ മുസ്‌ലിം ലീഗ് -നവാസ് (പിഎംഎൽ(എൻ) അധ്യക്ഷനുമാണ്.

ദേശീയ അസംബ്ലിയിൽ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനിടയിൽ ഇമ്രാൻ അനുകൂലികൾ പാർലമെന്റിൽ നിന്നിറങ്ങിപ്പോയിരുന്നു. രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ മണിക്കൂറുകൾ നീണ്ട സഭാ നടപടികൾക്കൊടുവിലാണ് ശനിയാഴ്ച അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പ്രതിപക്ഷ സഖ്യം ഇമ്രാൻ ഖാനെ പുറത്താക്കിയത്.

Story Highlights: Tens of thousands take to the streets in support of Imran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement