ജോര്‍ജ് എം.തോമസിനെ തള്ളി ഡിവൈഎഫ്‌ഐ, ലൗ ജിഹാദ് എന്നത് നിര്‍മിതമായ കള്ളം: വി.കെ.സനോജ്

കോടഞ്ചേരിയിലെ വിവാദ വിവാഹത്തില്‍ മുന്‍ എംഎല്‍എയും സിപിഐഎം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം.തോമസിനെ തള്ളി ഡിവൈഎഫ്‌ഐയും (dyfi). ലൗ ജിഹാദ് ( love jihad ) എന്നത് നിര്‍മിതമായ കള്ളമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.
ലൗ ജിഹാദ് എന്ന ആശയം തന്നെ സമൂഹത്തിനകത്ത് ഭിന്നിപ്പുണ്ടാക്കാന്‍ കൊണ്ടുവന്നതാണ്. 2019 വരെയുള്ള കണക്കുകള്‍ പരിശോധിച്ച് നിയമസഭയ്ക്കകത്ത് തന്നെ അത് ശരിയല്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. വിവിധ ജാതിയിലും മതത്തിലുമുള്ളവര്‍ പ്രണയിച്ച് വിവാഹം കഴിക്കുന്നതിനെ ലൗ ജിഹാദിന്റെ പരിഗണനയില്‍പ്പെടുത്തേണ്ടതില്ല. അങ്ങനൊരു കാര്യം കേരളത്തിലില്ല.
Read Also : വിവിധ വകുപ്പുകളിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം
വിവാഹത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദം അനാവശ്യവും നിര്‍ഭാഗ്യകരവുമാണ്. പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീര്‍ത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപിത നിലപാട്. മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സെക്കുലര്‍ മാട്രിമോണി വെബ് സൈറ്റ് തുടങ്ങുകയും മതേതര വിവാഹങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ എന്നും വി.കെ.സനോജ് പറഞ്ഞു.
Story Highlights: DYFI rejects George M. Thomas, Love jihad is a fabricated lie: VK Sanoj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here