‘എന്റെ മുന്നില്‍ വേറെ ചോയ്‌സില്ല’; അധിനിവേശം തുടരുമെന്ന് സൂചന നല്‍കി പുടിന്‍

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തുടരുമെന്ന് സൂചന നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. കിഴക്കന്‍ യുക്രൈനിലെ ജനങ്ങളെ സംരക്ഷിക്കാനും റഷ്യയുടെ സുരക്ഷ നോക്കാനും സൈനിക നീക്കങ്ങള്‍ തുടരുകയല്ലാതെ തനിക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്ന് പുടിന്‍ സൂചിപ്പിച്ചു. റഷ്യയുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കപ്പെടും വരെ അധിനിവേശം തുടരുമെന്നാണ് പുടിന്‍ സൂചന നല്‍കിയിരിക്കുന്നത്. (‘No other choice’: Putin vows to continue attack on Ukraine)
കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസ് മേഖലയിലാണ് റഷ്യന്‍ സൈന്യം ഇപ്പോള്‍ ആക്രമണം നടത്തിവരുന്നത്. യുക്രൈന്‍ തലസ്ഥാനമായ കീവ് പിടിച്ചടക്കുക, സെലന്‍സ്‌കിയെ പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി പകരം റഷ്യയോട് കൂറുള്ള ഒരു പാവ ഗവണ്‍മെന്റിനെ സൃഷ്ടിക്കുക, മുതലായ ലക്ഷ്യങ്ങളാണ് ഇപ്പോഴും പുടിന്‍ ഉദ്ദേശിക്കുന്നതെന്നാണ് പൊതുവായ വിലയിരുത്തല്‍. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി റഷ്യ രാസായുധം പ്രയോഗിക്കാനുള്ള സാധ്യത അന്താരാഷ്ട്ര സമൂഹം ഇപ്പോഴും തള്ളിക്കളഞ്ഞിട്ടില്ല.
ഇപ്പോള്‍, പുടിന്റെ സൈന്യം ഡോണ്‍ബാസില്‍ ഒരു വലിയ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 മുതല്‍ റഷ്യന്‍ സഖ്യകക്ഷികളായ വിഘടനവാദികളും യുക്രേനിയന്‍ സേനയും തമ്മിലുള്ള പോരാട്ടത്തിലൂടെ വിഭജിക്കപ്പെട്ട പ്രദേശത്തെ വിഘടനവാദികളുടെ സ്വാതന്ത്ര്യ അവകാശവാദങ്ങള്‍ റഷ്യ ഇതിനോടകം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡോണ്‍ബാസിലെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ മരിയുപോളില്‍ കൂടുതല്‍ ശക്തമായ സൈനിക നീക്കങ്ങള്‍ നടത്താനും മോസ്‌കോ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Story Highlights: ‘No other choice’: Putin vows to continue attack on Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here