വിസയ്ക്ക് പകരം ഇനി മുതല്‍ എമിറേറ്റ്‌സ് ഐഡി; പ്രവാസികളുടെ വിസ സ്റ്റാംപിംഗ് നിര്‍ത്തലാക്കി യുഎഇ

പ്രവാസികളുടെ വിസ സ്റ്റാംപിംഗ് യു എ ഇ നിര്‍ത്തലാക്കി. വിസയ്ക്ക് പകരം താമസത്തിനുള്ള തിരിച്ചറിയല്‍ രേഖയായി എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കുന്ന രീതി ഈ മാസം 11-ാം തീയതി മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഇനി മുതല്‍ യുഎഇയിലെത്തുന്ന പ്രവാസികള്‍ വിസയും എമിറേറ്റ്‌സ് ഐഡിയും ലഭിക്കുന്നതിനായി പ്രത്യേകം നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതില്ലെന്നും റെസിഡന്‍സി അപേക്ഷകള്‍ ഇനിമുതല്‍ ഏകീകൃതമായിരിക്കുമെന്നും എമിറേറ്റ്‌സ് അറിയിച്ചു. ( uae stopped visa stamping )
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസന്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റിയാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ഇനി പ്രവാസികള്‍ യുഎഇയിലേക്കെത്തുമ്പോള്‍ വിമാനകമ്പനികള്‍ക്ക് പാസ്‌പോര്‍ട്ട് നമ്പറും എമിറേറ്റ്‌സ് ഐഡിയും മാത്രം പരിശോധിച്ചാല്‍ മതിയാകും. റെസിഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് രണ്ട് മുതല്‍ പത്ത് വര്‍ഷത്തേക്ക് വരെ പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുക എന്നതായിരുന്നു മുന്‍പ് അവലംബിച്ചിരുന്ന രീതി.
മുമ്പ്, പാസ്‌പോര്‍ട്ടുകളിലെ പിങ്ക് നിറത്തിലുള്ള വിസ സ്റ്റിക്കര്‍ പ്രാഥമിക താമസ രേഖയായാണ് കണക്കാക്കിയിരുന്നത്. റസിഡന്റ് പ്രൂഫ് ആവശ്യമുള്ള ഇടങ്ങളിലെല്ലാം ഇതിന്റെ കോപ്പികള്‍ പ്രവാസികള്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടായിരുന്നു. ഈ രീതിയാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള റെസിഡന്‍സി സ്റ്റിക്കര്‍ ഐസിപി ആപ്പ് വഴി വിര്‍ച്യുലായി തുടര്‍ന്നും ലഭ്യമാക്കുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസന്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി വ്യക്തമാക്കി.
Story Highlights: uae stopped visa stamping
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here