മരിച്ചെന്ന് കരുതി കര്‍മ്മങ്ങള്‍ വരെ നടത്തി; 12 വര്‍ഷത്തിനുശേഷം മകന്‍ തിരികെ

കാണാതായതിനെ തുടര്‍ന്ന് മരിച്ചെന്ന് കരുതി കര്‍മ്മങ്ങള്‍ വരെ നടത്തിയ ശേഷം യുവാവ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ എത്തി. സിനിമയെ വെല്ലുന്ന കഥയാണ് ഛവി മുസാഹറിന്റെ ജീവിതത്തില്‍ അരങ്ങേറിയത് ( Chhavi Musahar returned after 12 years ).
ബീഹാറിലെ ബക്സര്‍ ജില്ലയില്‍ നിന്നുള്ള ഛവി മുസാഹറിനെ 2009 മുതലാണ് കാണാതാകുന്നത്. അന്ന് അദ്ദേഹത്തിന് വെറും 23 വയസായിരുന്നു. യുവാവിനെ കാണാതായതോടെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍, അദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചില്ല. 2007 -ല്‍ മുസാഹറിന്റെ വിവാഹം കഴിഞ്ഞിരുന്നു. ഭാര്യയായ അനിത 2009 -ല്‍ കുട്ടിയുമായി അവളുടെ അച്ഛന്റെ വീട്ടിലേക്ക് താമസം മാറി. ഇനി തന്റെ ഭര്‍ത്താവ് മടങ്ങിവരില്ലെന്ന വിശ്വാസത്തില്‍ രണ്ടാമതൊരു വിവാഹം കഴിച്ചു.
Read Also : കര്‍ണാടക ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പ രാജിവച്ചു
വര്‍ഷങ്ങള്‍ കഴിഞ്ഞും തിരിച്ച് വരാതായപ്പോള്‍ യുവാവ് മരിച്ചുവെന്ന് ബന്ധുക്കളും തീര്‍ച്ചപ്പെടുത്തി. അവര്‍ മുസാഹറിന്റെ മരണാനന്തരകര്‍മ്മങ്ങള്‍ നടത്തി. അങ്ങനെ നാട്ടുകാരും വീട്ടുകാരും അദ്ദേഹത്തെ മറന്നു. എന്നാല്‍, അപ്പോഴും അദ്ദേഹം തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരാളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമ്മ ബിര്‍ത്തി ദേവി. തന്റെ കുട്ടി മരിച്ചിട്ടില്ലെന്നും, ഒരു സുപ്രഭാതത്തില്‍ തന്റെ വീട്ടുപടിക്കല്‍ തന്നെ തേടിയെടുത്തുമെന്നും അവര്‍ ഉറച്ചു വിശ്വസിച്ചു.
മകന് വേണ്ടിയുള്ള അമ്മയുടെ കാത്തിരിപ്പ് പതിമൂന്ന് വര്‍ഷങ്ങള്‍ നീണ്ടു. എന്നാല്‍, ഖിലാഫത്പൂര്‍ ഗ്രാമത്തിലെ എല്ലാവരേയും വിസ്മയിപ്പിച്ചു കൊണ്ട് കാണാതായ ആ മകന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, ഇപ്പോള്‍ സ്വന്തം വീട്ടില്‍ ജീവനോടെ തിരിച്ച് എത്തിയിരിക്കയാണ്. കണ്ണീരോടെ, ബിര്‍ത്തി അവരുടെ വീടിന്റെ മുന്നില്‍ തന്റെ മകനെ സ്വീകരിക്കാന്‍ കാത്ത് നിന്നു. ”ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു. ഒരുപാട് നാളുകള്‍ക്ക് ശേഷം എനിക്ക് എന്റെ മകനെ തിരികെ കിട്ടി. കുടുംബത്തെ അനുഗ്രഹിച്ചതിന് സര്‍വശക്തനോട് ഞാന്‍ നന്ദി പറയുന്നു” എന്നും 55കാരിയായ അമ്മ പറയുന്നു.
Read Also : മേടം ഒന്നിന് എത്തുന്ന വിഷു എന്തേ ഇത്തവണ രണ്ടാം തീയതിയായി?
ഈ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം തന്റെ മകന്‍ തിരികെ എത്താന്‍ വ്രതം നോറ്റ് കാത്തിരിക്കയായിരുന്നു ആ അമ്മ. ‘ബന്ധുവീടുകളില്‍, റെയില്‍വേ സ്റ്റേഷനുകളില്‍, ബസ് സ്റ്റാന്‍ഡുകളില്‍, ആശുപത്രികളില്‍ എല്ലായിടത്തും ഞങ്ങള്‍ അവനെ തിരഞ്ഞു. പക്ഷേ, അവനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല” മൂത്ത സഹോദരന്‍ രവി പറഞ്ഞു. 2009 -നും 2022 -നും ഇടയില്‍ മുസാഹറിന്റെ ജീവിതത്തില്‍ തീര്‍ത്തും അപ്രതീക്ഷിതമായ കാര്യങ്ങളാണ് സംഭവിച്ചത്. അദ്ദേഹത്തിന്റെ തിരോധാനത്തിനെ കുറിച്ച് കാര്യമായ വ്യക്തത ഇപ്പോഴും ഇല്ല. എങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഭാര്യയെ കാണാന്‍ അവളുടെ വീട്ടിലേയ്ക്ക് പോകാനുള്ള യാത്രയില്‍ തെറ്റായ ട്രെയിനില്‍ കയറിയ അദ്ദേഹം എങ്ങനെയോ പഞ്ചാബില്‍ എത്തി. അവിടെ നിന്ന് അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ എത്തി. ആദ്യ വര്‍ഷങ്ങളില്‍ കൂലിപ്പണിക്കാരനായി ജോലി ചെയ്തു. എന്നാല്‍, ഒടുവില്‍ ഇയാളെ പാക് പൊലീസ് അറസ്റ്റ് ചെയ്തു, കറാച്ചി ജയിലില്‍ അടച്ചു.
2021 ഡിസംബറില്‍, അദ്ദേഹം പാകിസ്ഥാനിലെ ജയിലിലുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് വിവരം ലഭിച്ചു. ഇതിന് പിന്നാലെ ഇയാളെ തിരിച്ചറിയാന്‍ ആഭ്യന്തര മന്ത്രാലയം എസ്പി ഓഫീസിലേക്ക് വിലാസവും ഫോട്ടോയും അയച്ചു. ബന്ധുക്കള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. തുടര്‍ന്ന്, ആഭ്യന്തര മന്ത്രാലയവും, ജില്ലാ, പൊലീസ് അഡ്മിനിസ്‌ട്രേഷനും ഇടപെട്ട് അദ്ദേഹത്തെ സുരക്ഷിതമായി തിരികെ നാട്ടിലേയ്ക്ക് കൊണ്ട് വന്നു. അങ്ങനെ 12 വര്‍ഷത്തിന് ശേഷം മൂസാഹര്‍ വീട്ടില്‍ തിരിച്ച് എത്തി. ‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്. സര്‍വശക്തനായ ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു’ മകന്റെ അടുത്തിരുന്ന് ബിര്‍ത്തി ദേവി പറഞ്ഞു. തിരികെയെത്തിയ ഛവി മുസാഹറിന് വലിയ സ്വീകരണമാണ് നാട്ടില്‍ ഒരുക്കിയത്.
Story Highlights: Chhavi Musahar returned from Pakistan after 12 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here