Advertisement

വാംഖഡെയിൽ ബേബി എബിയുടെ അവതാരപ്പിറവി; ഒരു ഓവറിൽ അടിച്ചുകൂട്ടിയത് 28 റൺസ്

April 14, 2022
Google News 2 minutes Read
Dewald Brevis Mumbai Indians

ഡെവാൾഡ് ബ്രെവിസ് എന്ന പേര് ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിനു ശേഷമാണ് ക്രിക്കറ്റ് ലോകം ചർച്ചചെയ്തു തുടങ്ങിയത്. ദക്ഷിണാഫ്രിക്കൻ താരമായ ബ്രെവിസ് അണ്ടർ 19 ലോകകപ്പിൽ അടിച്ചുകൂട്ടിയത് 506 റൺസായിരുന്നു. ലോകകപ്പിൽ ഏറ്റവുമധികം റൺസെടുത്ത താരം എന്നതിലുപരി ബ്രെവിസിൻ്റെ ബാറ്റിംഗ് ശൈലി കണ്ട് ക്രിക്കറ്റ് ലോകം വിളിച്ചു, ‘ബേബി എബി’. സമകാലിക ക്രിക്കറ്റ് ലോകം ദർശിച്ച ഏറ്റവും മികച്ച താരങ്ങളിലൊരാളായ എബി ഡിവില്ല്യേഴ്സിൻ്റെ ബാറ്റിംഗ് ശൈലി ബ്രെവിസിൽ കണ്ടു. ക്ലീൻ സ്ട്രൈക്കുകളും 360 ഡിഗ്രിയിൽ കളിക്കാനുള്ള കഴിവും ബ്രെവിസിനെ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഹോട്ട് ഫേവരിറ്റാക്കി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരമായിരുന്ന ഡിവില്ല്യേഴ്സ് ഐപിഎലിൽ നിന്ന് വിരമിച്ചതിനാൽ പകരം ബേബി എബിയെ ടീമിലെത്തിക്കണമെന്ന് ആർസിബി ആരാധകർ ഒന്നടങ്കം സമൂഹമാധ്യമങ്ങളിലൂടെ ക്യാമ്പയിൻ നടത്തി. ആർസിബി തന്നെ താരത്തെ ടീമിലെത്തിക്കുമെന്ന മട്ടിൽ ചില മാധ്യമ റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ, ലേലത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. (Dewald Brevis Mumbai Indians)

20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ബ്രെവിസിനായി ആദ്യം ഓക്ഷൻ പാഡിൽ ഉയർത്തിയത് ചെന്നൈ ആയിരുന്നു. പിന്നാലെ പഞ്ചാബും കളത്തിലിറങ്ങി. ഇരു ക്ലബുകളുമായി ഒരു വടം വലി നടന്നു. ഒന്നരക്കോടിയിൽ പഞ്ചാബ് കളം വിട്ടു. അവിടേക്ക് മുംബൈ എത്തി. ചെന്നൈയും മുംബൈയും തമ്മിൽ പോരാട്ടം. ഒടുവിൽ 3 കോടി രൂപയ്ക്ക് ബ്രെവിസ് മുംബൈയിൽ. ബ്രെവിസിനായി റോയൽ ചലഞ്ചേഴ്സ് ഒന്ന് ശ്രമിച്ചതുപോലുമില്ല. ലേലത്തിനു ശേഷം നടന്ന ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ടി-20 ടൂർണമെൻ്റായ സിഎസ്എ ടി-20 ചലഞ്ചിൽ ടൈറ്റൻസിനായി കളിച്ച ബ്രെവിസ് ചില ഭേദപ്പെട്ട ഇന്നിംഗ്സ് കളിച്ചെങ്കിലും അത്ര ഗംഭീര പ്രകടനമല്ല നടത്തിയത്.

Read Also : മുംബൈക്ക് ഹൃദയഭേദകം; തുടർച്ചയായ അഞ്ചാം തോൽവി

ഐപിഎലിൽ മുംബൈയുടെ മൂന്നാം മത്സരത്തിൽ കൂറ്റനടിക്കാരൻ ടിം ഡേവിഡിനു പകരം ബ്രെവിസ് ടീമിലെത്തിയത് പലരെയും ഞെട്ടിച്ചു. എന്നാൽ, അന്ന് താൻ ആരാണെന്നതിൻ്റെ സാമ്പിൾ വെടിക്കെട്ടിനു ശേഷമാണ് ബ്രെവിസ് മടങ്ങിയത്. വരുൺ ചക്രവർത്തിക്കെതിരെ നേടിയ നോ ലുക്ക് സിക്സ് അടക്കം 19 പന്തിൽ 29 റൺസെടുത്ത് ബ്രെവിസ് പുറത്തായി. ആർസിബിക്കെതിരെ നടന്ന അടുത്ത മത്സരത്തിൽ 8 റൺസ് മാത്രം നേടി ബ്രെവിസ് മടങ്ങി. ഇന്നലെ, പഞ്ചാബ് കിംഗ്സിനെതിരെയാണ് താരത്തിൻ്റെ ടാലൻ്റിനെപ്പറ്റി ക്രിക്കറ്റ് ലോകത്തിന് പൂർണ ബോധ്യമുണ്ടായത്. ആദ്യ 8 പന്തുകളിൽ ഒരു റൺ പോലും എടുക്കാൻ സാധിക്കാതിരുന്ന ബ്രെവിസ് പുറത്തായത് 25 പന്തിൽ 49 റൺസ് എടുത്താണ്. രാഹുൽ ചഹാർ എറിഞ്ഞ 9ആം ഓവറിലെ രണ്ടാം പന്തിൽ ഒരു ബൗണ്ടറിയോടെ തുടങ്ങിയ താരം തുടരെ 4 സിക്സറുകൾ നേടി ആ ഓവറിൽ നേടിയത് 28 റൺസ്! അതിലൊരു സിക്സർ പറന്നത് 112 മീറ്റർ അകലേയ്ക്കാണ്! ഗ്ലിമ്പ്സ് ഓഫ് ബേബി എബി.

സീസണിൽ ഇതുവരെ മുംബൈയ്ക്ക് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ഭാവിയിലേക്ക് മുൻനിർത്തിയുള്ള അവരുടെ നിക്ഷേപങ്ങൾ മികച്ചതാണ്. ബ്രെവിസിനൊപ്പം തിലക് വർമ്മ, ഇഷാൻ കിഷൻ, ജോഫ്ര ആർച്ചർ, ടിം ഡേവിഡ്, സൂര്യകുമാർ യാദവ് എന്നിങ്ങനെ ഒരുപിടി മാച്ച് വിന്നർമാരാണ് മുംബൈ ക്യാമ്പിലുള്ളത്. ഈ നിക്ഷേപങ്ങളിൽ നിന്ന് മുംബൈക്ക് വരും സീസണുകളിൽ ലാഭം ലഭിക്കുമെന്നുറപ്പ്.

Story Highlights: Dewald Brevis Mumbai Indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here