Advertisement

മുംബൈക്ക് ഹൃദയഭേദകം; തുടർച്ചയായ അഞ്ചാം തോൽവി

April 13, 2022
Google News 1 minute Read

ഐപിഎലിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ അഞ്ചാം പരാജയം. ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിട്ട മുംബൈ 12 റൺസിൻ്റെ പരാജയമാണ് വഴങ്ങിയത്. 199 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ച പഞ്ചാബിനു മറുപടിയുമായി ഇറങ്ങിയ മുംബൈക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 186 റൺസ് നേടാനേ സാധിച്ചുള്ളൂ. 49 റൺസെടുത്ത യുവതാരം ഡെവാൾഡ് ബ്രെവിസ് ടോപ്പ് സ്കോറർ ആയപ്പോൾ സൂര്യകുമാർ യാദവും (43) തിലക് വർമയും (36) മുംബൈക്ക് വേണ്ടി തിളങ്ങി. പഞ്ചാബിനായി ഒഡീൻ സ്മിത്ത് 4 വിക്കറ്റ് വീഴ്ത്തി.

ഭേദപ്പെട്ട തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. തുടക്കം മുതൽ ആക്രമിച്ചുകളിച്ച രോഹിത് ആദ്യ വിക്കറ്റിൽ ഇഷാൻ കിഷനുമായി 31 റൺസ് കൂട്ടുകെട്ടുയർത്തി. 28 റൺസെടുത്ത രോഹിതിനെ വൈഭവ് അറോറയുടെ കൈകളിലെത്തിച്ച കഗീസോ റബാഡയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ കിഷനും (2) മടങ്ങി. താരത്തെ അറോറ ജിതേഷ് ശർമ്മയുടെ കൈകളിലെത്തിച്ചു. മൂന്നാം വിക്കറ്റിൽ ഡെവാൾഡ് ബ്രെവിസും തിലക് വർമ്മയും ചേർന്ന കൂട്ടുകെട്ട് മുംബൈക്ക് പ്രതീക്ഷ നൽകി. സാവധാനം തുടങ്ങിയ ബ്രെവിസ് രാഹുൽ ചഹാറിൻ്റെ ഒരു ഓവറിൽ 4 സിക്സറും ഒരു ബൗണ്ടറിയും സഹിതം 28 റൺസ് അടിച്ചുകൂട്ടി ട്രാക്കിലെത്തി. മറുവശത്ത് തിലക് വർമ്മയും നന്നായി ബാറ്റ് വീശിയതോടെ മുംബൈ അനായാസം മുന്നേറി. 84 റൺസിൻ്റെ അതിഗംഭീര കൂട്ടുകെട്ടിനു ശേഷം ബ്രെവിസ് മടങ്ങി. 25 പന്തുകളിൽ 49 റൺസെടുത്ത താരത്തെ ഒഡീൻ സ്മിത്ത് അർഷ്ദീപ് സിംഗിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.

അഞ്ചാം നമ്പറിൽ ക്രീസിലെത്തിയ സൂര്യകുമാർ യാദവും മികച്ച രീതിയിലാണ് തുടങ്ങിയത്. അനായാസം മുന്നോട്ടുപോകുന്ന കൂട്ടുകെട്ട് മുംബൈയെ വിജയത്തിലെത്തിക്കുമെന്ന് കരുതിയിരിക്കെ ഒരു റണ്ണൗട്ടിൻ്റെ രൂപത്തിൽ തിലക് വർമ മടങ്ങി. ഇല്ലാത്ത റണ്ണിനോടിയ താരം പുറത്തായത് മുംബൈക്ക് കനത്ത തിരിച്ചടിയായി. പിന്നാലെ ക്രീസിലെത്തിയ പൊള്ളാർഡും (10) ദൗർഭാഗ്യകരമായി റണ്ണൗട്ടായി. സൂര്യകുമാർ യാദവിലായിരുന്നു മുംബൈയുടെ പ്രതീക്ഷകൾ. എന്നാൽ, 19ആം ഓവറിൽ സൂര്യ പുറത്തായതോടെ മുംബൈ പരാജയം ഉറപ്പിച്ചു. കഗീസോ റബാഡ എറിഞ്ഞ ഓവറിലെ നാലാം പന്തിൽ സൂര്യയെ (43) ഒഡീൻ സ്മിത്ത് പിടികൂടി. ജയദേവ് ഉനദ്കട്ട് (12), ജസ്പ്രീത് ബുംറ (0), തൈമൽ മിൽസ് എന്നിവർ ഒഡീൻ സ്മിത്ത് എറിഞ്ഞ അവസാന ഓവറിൽ പുറത്തായി.

Story Highlights: mumbai indians punjab kings ipl 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here