Advertisement

അമ്മയ്‌ക്കൊപ്പം തണലായി അഞ്ചാംക്ലാസുകാരി; അവധിക്കാലത്ത് റോഡരികിൽ അച്ചാറ് വിൽപ്പന നടത്തി ഡൈനീഷ്യ…

April 14, 2022
Google News 2 minutes Read

ജീവിതം പലർക്കും പലതാണ്. നമ്മൾ കാണുന്ന ഓരോരുത്തർക്കും ഓരോ കഥകൾ പറയാനുണ്ട്. ചിലർക്കത് ജീവിതത്തിന്റെ കയ്‌പേറിയ നിമിഷങ്ങളെ കുറിച്ചാണ്. മറ്റു ചിലർക്കത് സ്വപ്നങ്ങളെ കുറിച്ചാണ്.. സ്വരുക്കൂട്ടലുകളെ കുറിച്ചാണ്. കൊച്ചിയിലെ പള്ളുരുത്തിയിലൂടെ കടന്നുപോകുകയാണെങ്കിൽ നിങ്ങളുടെ ശ്രദ്ധയിൽ പെടുന്ന ഒരു അഞ്ചുവയസുകാരിയുണ്ട്. കാഴ്ച ശക്തിയില്ലാത്ത അമ്മയ്‌ക്കൊപ്പം വഴിയരികിൽ ഈ കൊച്ചുമിടുക്കി അച്ചാറ് വിൽക്കുന്നത് കാണാം.

പേര് ഡൈനീഷ്യ. മറ്റുകുട്ടികളെ പോലെ അവധിക്കാല ആഘോഷങ്ങളുടെ തിരക്കിലല്ല ഈ അഞ്ചാം ക്‌ളാസുകാരി. കാഴ്ച്ചപരിമിധിയുള്ള അമ്മയെയും അസുഖ ബാധിതനായ അച്ഛനെയും സഹായിക്കാൻ തെരുവിൽ അച്ചാറ് വിൽക്കുകയാണ്. പത്ത് വയസ്സ് തികഞ്ഞിട്ടില്ല ഡൈനീഷ്യയ്ക്ക്. പക്ഷെ മറ്റു കൂട്ടുകാരെ പോലെ കളിച്ചു നടക്കാൻ നേരമില്ല. കാഴ്ചയില്ലാത്ത അമ്മയുടെ കൈപിടിച്ച് ഡൈനീഷ്യ രാവിലെ മുതൽ ഉന്തുവണ്ടിയുമായി റോഡിലുണ്ടാകും. അച്ഛന്റെ കുറച്ച് സുഹൃത്താക്കളാണ് അച്ചാറ് എത്തിച്ചു നൽകുന്നത്. കാഴ്ച പരിമിതി മൂലം അമ്മയ്ക്ക് തനിച്ച് കട നടത്താനാകില്ല. അച്ഛന് ലോട്ടറി വിൽപ്പനയാണ് തൊഴിൽ.

അച്ഛന്റെ തൊഴിൽ കൊണ്ട് മാത്രം കുടുംബം മുന്നോട്ട് പോകുന്നില്ല. ചിലപ്പോൾ ടിക്കറ്റ് വിൽക്കാൻ പറ്റാത്ത ദിവസങ്ങളുണ്ട്. ചില ദിവസങ്ങളിൽ പത്തോ പതിനഞ്ചോ ടിക്കറ്റുകൾ ബാക്കി വരും. അതുകൊണ്ടാണ് മകളെയും കൂട്ടി അച്ചാറ് കച്ചവടത്തിനിറങ്ങുന്നത്. അമ്മ പറയുന്നു.

പള്ളുരുത്തി ഇ എസ് ഐ റോഡിൽ ഒരു വർഷമായി ഡൈനീഷ്യ ഉന്തുവണ്ടി കച്ചവടം നടത്തുന്നു. സ്വന്തമായി വീടില്ലാത്ത ഡൈനീഷ്യക്ക് ലക്ഷ്യങ്ങൾ പലതുണ്ട്. “ഞങ്ങൾക്ക് ഒരു വീട് വേണം. അതിനായാണ് ഞാൻ പൈസ സ്വരുക്കൂട്ടുന്നത്. അപ്പനും ഇതിനായി പൈസ സ്വരുക്കൂട്ടുന്നുണ്ട്. ഞാൻ ഒപ്പം സഹായിക്കും. പിന്നെ എന്നെ സഹായിക്കുന്നവരുമുണ്ട്. ഈ തുകയെല്ലാം ചേർത്ത് ഞാനൊരു വീട് ഉണ്ടാക്കും എന്നാണ് ഡൈനീഷ്യ പറയുന്നത്.

Read Also : വയസ്സ് വെറും ഏഴ്, സ്വന്തമാക്കിയത് റെക്കോർഡ് നേട്ടങ്ങൾ; താരമായി കൊച്ചുമിടുക്കി…

അമ്മയ്ക്ക് കണ്ണ് കാണില്ല, കേൾവികുറവും ഉണ്ട്. ശസ്ത്രക്രിയ ചെയ്താൽ കാഴ്ച കിട്ടുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അപ്പന് നട്ടെല്ലിന് മൂന്ന് ദ്വാരങ്ങളുണ്ട്. അപ്പൻ നേരത്തെ പെയിന്റ് പണിയ്ക്ക് പോയിരുന്നു. ഇപ്പോൾ അത് സാധ്യമല്ല. സ്‌കൂൾ ഉണ്ടായിരുന്നപ്പോൾ അധ്യാപകരും സുഹൃത്തുക്കളും അച്ചാറ് വാങ്ങി സഹായിക്കുമായിരുന്നു. ഇപ്പോൾ അവധിക്കാലമായതിനാൽ കച്ചവടം കുറഞ്ഞു. അച്ഛന്റെ ഇളയ സഹോദരന്റെ വീട്ടിൽ ചെറിയ മുറിയിലാണ് മൂവരും കഴിയുന്നത്. അവധിക്കാലം ഡൈനീഷ്യയ്ക്ക് ആഘോഷത്തിന്റെയല്ല പാഠങ്ങളുടേതാണ്.. ജീവിച്ചു തീർക്കേണ്ട, അതിജീവിക്കേണ്ട ജീവിതത്തെ കുറിച്ചാണ്.. സ്വപ്നങ്ങളെ കുറിച്ചാണ്…

Story Highlights: Inspiring story of 10 year old girl who sell pickles on roadside

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here