തമിഴ്‌നാട് സ്വദേശി മരിച്ചത് കെ സ്വിഫ്റ്റ് ഇടിച്ചല്ല; പിക്ക്അപ് വാന്‍ കണ്ടെത്തി

തൃശൂര്‍ കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശിയുടെ മരണത്തിനിടയാക്കിയ പിക്ക്അപ് വാന്‍ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ KL48 1176 നമ്പര്‍ വാനാണ് പരസ്വാമിയെ ഇടിച്ചത്. താഴെ വീണ പരസ്വാമിയുടെ കാലില്‍ കൂടി കെ സ്വീഫ്റ്റ് ബസ് കയറിയിരുന്നു.
മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാനാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാന്‍ കണ്ടെത്തിയത്. വാനിടിച്ച് നിലത്തുവീണ പരസ്വാമിയുടെ കാലില്‍ക്കൂടി കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. നേരത്തേ കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസിടിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
തൃശ്ശൂര്‍ കുന്നംകുളത്ത് വച്ച് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയാണ് (55) മരിച്ചത്.
നാട്ടുകാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസ് തൃശൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കെ-സ്വിഫ്റ്റ് ബസ് ഇതിന് മുന്‍പ് രണ്ട് തവണ അപകടത്തില്‍പ്പെട്ടിരുന്നു. ആദ്യമുണ്ടായ അപകടത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കുമെന്നും കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ പ്രതികരിച്ചിരുന്നു. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന് പിന്നില്‍ സ്വകാര്യ ബസ് ലോബിയാണെന്നും അടിയന്തര അന്വേഷണം വേണമെന്നുമാണ് കെഎസ്ആര്‍ടിസി എംഡി പറഞ്ഞത്.
Story Highlights: K Swift not killed by Tamil Nadu native; Pickup van found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here