സ്വിഫ്റ്റ് കെ.എസ്.ആർ.ടിസിയുടെ അന്തകനാകും; കെ. സുധാകരൻ

സ്വിഫ്റ്റ് കമ്പനിയെ പരിപോഷിപ്പിക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ വിധിക്കുന്നത് ദയാവധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സർക്കാരിന്റെയും മാനേജ്‌മെന്റിന്റെയും കെടുകാര്യസ്ഥതയ്ക്കും പിടിപ്പുകേടിനും ശിക്ഷിക്കുന്നത് പാവപ്പെട്ട തൊഴിലാളികളെയാണ്. ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാദ്ധ്യതയില്ലെന്ന സർക്കാർ നിലപാട് കടുത്ത തൊഴിലാളി വഞ്ചനയാണ്. സുശീൽഖന്ന റിപ്പോർട്ടിലെ അശാസ്ത്രീയമായ നിർദ്ദേശങ്ങൾ നടപ്പാക്കി കെ.എസ്.ആർ.ടി.സി ജീവനക്കാരെ ദ്രോഹിക്കാനാണ് സർക്കാരിന് താൽപ്പര്യം. ( k Sudhakaran criticizes Swift and KSRTC ).
17.5 ശതമാനം ബസുകളും കെ.എസ്.ആർ.ടി.സിയിൽ സർവീസ് നടത്തുന്നില്ല. പ്രായോഗികമല്ലാത്ത ഡ്യൂട്ടി പാറ്റേണാണ് ഇപ്പോഴും നിലവിലുള്ളത്. സൂപ്പർക്ലാസ് സർവ്വീസുകൾ നടത്താൻ ഓരോ വർഷവും ചുരുങ്ങിയത് 1000 ബസ്സുകളെങ്കിലും പുതുതായി വേണം. കോടികൾ വിലയുള്ള കെ.എസ്.ആർ.ടി.സിയുടെ ആസ്തികൾ പലതും സിപിഎം നിയന്ത്രിത സ്ഥാപനങ്ങൾക്ക് കൈമാറ്റം ചെയ്യുകയാണ്. ഈ തലതിരഞ്ഞ നടപടികൾ കെ.എസ്.ആർ.ടി.സിയുടെ ശവക്കുഴിതോണ്ടുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സുധാകരൻ പറഞ്ഞു.
സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയുടെ അന്തകനായിമാറി. സർവീസ് നടത്താൻ ബസ്സുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ദേശസാത്കൃതറൂട്ടുകൾ മുഴുവൻ സ്വകാര്യവത്കരിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 42000 ജീവനക്കാരുണ്ടായിരുന്നപ്പോഴും ശമ്പളം മുടങ്ങാതെ നൽകുകയും 2752 പുതിയ ബസ്സുകൾ നിരത്തിലിറക്കുകയും 5350 ഷെഡ്യൂളുകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് 26000 ജീവനക്കാർ മാത്രമാണുള്ളത്. ഇനിയത് 18000 മാത്രം മതിയെന്ന നിലപാടിലാണ് സർക്കാർ. ഇത് സ്വിഫ്റ്റ് കമ്പനിയെ സഹായിക്കാനാണ്. ഷെഡ്യൂകൾ ഗണ്യമായി വെട്ടിക്കുറച്ചതും പുതിയ ബസ്സുകൾ നിരത്തിലിറങ്ങാത്തതും ജീവനക്കാരെയും കെ.എസ്.ആർ.ടിസിയെയും അതിനെ ആശ്രയിക്കുന്ന പൊതുജനങ്ങളെയും ഒരുപോലെ ബാധിച്ചു.
പുതിയ ബസ്സുകൾ സ്വിഫ്റ്റ് കമ്പനിയുടെ പേരിൽ ഇറക്കുന്നതിനാൽ 15 വർഷം കാലവധി കഴിഞ്ഞ ബസ്സുകൾ പൊളിക്കേണ്ടിവരുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് സർവീസ് നടത്താൻ ബസ്സില്ലാത്ത സാഹചര്യം ഉണ്ടാകും. ഇപ്പോൾ തന്നെ കെ.എസ്.ആർ.ടി.സിക്ക് ഗ്രാമപ്രദേശങ്ങളിലെ പല റൂട്ടുകളിലേക്കും സർവീസ് നടത്താൻ ബസ്സില്ലെന്നതാണ് യാഥാർത്ഥ്യം. 1000 ലേറെ ബസ്സുകൾ ഇതിനകം പൊളിച്ചുനീക്കി. ഇതുവഴി ഇതിലെ ജീവനക്കാർ ജോലിയില്ലതായെന്നും സുധാകരൻ പറഞ്ഞു.
സർക്കാർ ശമ്പളം കൃത്യമായി വിതരണം ചെയ്യാതെ പ്രതിഷേധിക്കുന്ന ജീവനക്കാർക്കെതിരെ പ്രതികാര നടപടിയെടുക്കുകയാണ്. എല്ലാ മാസം 5 തീയതി ശമ്പളം നൽകാമെന്ന് ഉറപ്പ് നൽകിയ സർക്കാരാണ് ഇപ്പോൾ കൈമലർത്തുന്നത്. കെ.എസ്.ആർ.ടി.സിയുടെ വരുമാനം പ്രതിമാസം ശരാശരി 200 കോടിക്ക് മുകളിലാണ്.കഴിഞ്ഞ മാസം മാത്രം അത് 230 കോടിയാണ്.ശമ്പളം വിതരണം ചെയ്യാൻ വെറും 80 കോടി രൂപയും ഡീസലിന് മറ്റുമായി 90 കോടി രൂപയും മതി. ഇതിന് പുറമെയാണ് സർക്കാരിന്റെ സാമ്പത്തിക സഹായമായി നൽകുന്ന 50 കോടി. ഇത്രയേറെ വരുമാനം ഉണ്ടായിട്ടും ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാതെ അവരെ ദ്രോഹിക്കുന്ന നടപടിയെ ഒരുവിധത്തിലും ന്യായീകരിക്കാനാവില്ല.
ശമ്പളം നൽകാതെ മറ്റുചെലവുകൾക്കായി തുക വഴിമാറ്റുകയാണ് മാനേജ്‌മെന്റ. കെ.എസ്.ആർ.ടി.സിയുടെ പ്ലാൻഫണ്ട് ഉപയോഗിച്ച് പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനിയെ പരിപോഷിക്കുകയാണ് സർക്കാർ. സിപിഎം അനുഭാവികളെ ജോലിക്ക് തിരുകി കയ്യറ്റാനുള്ള കുറുക്കുവഴിയാണ് സ്വിഫ്റ്റ് കമ്പനിയെ എൽഡിഎഫ് സർക്കാർ കാണുന്നത്. കെ.എസ്.ആർ.ടി.സിയെ നശിപ്പിക്കുന്ന ഇടതു സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു.
Story Highlights: k Sudhakaran criticizes Swift and KSRTC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here