വിമാന ടിക്കറ്റ് ബുക്കിംഗിൽ തട്ടിപ്പ്; രണ്ട് പേർ കുടുങ്ങി

വ്യാജ ഓൺലൈൻ വിമാനടിക്കറ്റ് നൽകി ജനങ്ങളെ പറ്റിക്കുന്ന സംഘത്തിലെ രണ്ട് പേരെ ഡൽഹി പൊലീസ് പിടികൂടി. ഉത്തർ പ്രദേശിലെ ബഹ്‌റൈച്ച് നിവാസി പ്രവീൺ തിവാരി, ഹരിയാന സ്വദേശി രോഹിത് കുമാർ എന്നിവരാണ് അറസ്റ്റിലായതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ഓൺലൈനിൽ ബുക്കിംഗ് ഏജന്റ് വഞ്ചിച്ചതായി കാണിച്ച് മാർച്ച് 29 ന് ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ പരാതി നൽകിയതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.
ഏപ്രിൽ ആദ്യവാരം നടക്കുന്ന ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ പ്രൊഫസർക്ക് കാനഡയിലേക്കാണ് പോകേണ്ടിയിരുന്നത്. മാർച്ച് 23 ന് അദ്ദേഹം ഒരു വിദ്യാർത്ഥിനി മുഖേന ബുക്കിംഗിന് ശ്രമിച്ചു. തുടർന്ന് ബുക്കിഗ് ഓഫറുകളെന്ന പേരിൽ നിരവധി കോളുകളാണ് പ്രൊഫസർക്ക് വന്നത്. വിദ്യാർത്ഥിയെ പ്രവീൺ തിവാരി എന്ന പേരിലുള്ള ഏജന്റാണ് സമീപിച്ചതെന്നും അയാളുമായാണ് ഇടപാട് നടത്തിയതെന്നും പരാതിയിൽ പറയുന്നു. തിവാരി ടിക്കറ്റ് ബുക്ക് ചെയ്യുകയും അവയുടെ കോപ്പി വിദ്യാർത്ഥിനിക്ക് വാട്ട്‌സ്ആപ്പിൽ അയയ്ക്കുകയും ചെയ്തു. തുടർന്ന് 1,49,730 രൂപ താൻ നൽകിയ ബാങ്ക് അക്കൗണ്ടിലിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് പ്രൊഫസർ പണം ഈ അക്കൗണ്ടിലേക്കിട്ടത്.
Read Also : കൈക്കൂലി വാങ്ങിയ എസ്.ഐയ്ക്കും ഡ്രൈവർക്കും സസ്പെൻഷൻ
പിന്നീട് അന്വേഷിച്ചപ്പോഴാണ് ടിക്കറ്റ് ക്യാൻസൽ ചെയ്തെന്ന വിവരം പ്രൊഫസർ അറിയുന്നത്. ഏജന്റിനെ വിളിച്ചപ്പോൾ നമ്പർ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തുടർന്നാണ് ഇദ്ദേഹം പരാതിയുമായെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി പേർ സമാനരീതിയിൽ പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. പ്രതികൾ പഞ്ചാബിലെ സിരാക്‌പൂരിലുണ്ടെന്ന വിവരത്തെ തുടർന്ന് അവിടെ റെയ്‌ഡ് നടത്താൻ പൊലീസ് തിരുമാനിച്ചു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ ഇവിടെ എത്തും മുമ്പ് പ്രതികൾ കടന്നുകളഞ്ഞു.
പ്രതികളിലൊരാളായ തിവാരിയുടെ വിവാഹ നിശ്ചയം ഏപ്രിൽ 14ന് യുപിയിലെ ബഹാരിച്ചിൽ നടക്കുന്നതായി അറിഞ്ഞ സംഘം ഇയാൾക്കായി ഇവിടെയും വലവിരിച്ചു. എന്നാൽ ഇതിനിടെ രണ്ട് പേരെയും പൊലീസ് ബഹ്‌റൈച്ചിയിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതിയുടെ മാലയും 61,267 രൂപയും പിടിച്ചെടുത്തെന്നാണ് പൊലീസ് നൽകുന്ന വിവരം.
Story Highlights: Flight ticket booking twisted; Two persons arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here