നൂറിൽ നൂറ്: ലോകേഷ് രാഹുലിനു സെഞ്ചുറി; മുംബൈയ്ക്ക് 200 റൺസ് വിജയലക്ഷ്യം

ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 200 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 4 നഷ്ടത്തിൽ 199 റൺസ് നേടി. 103 റൺസ് നേടി പുറത്താവാതെ നിന്ന ലോകേഷ് രാഹുലാണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. ഇതോടെ 100ആം ഐപിഎൽ മത്സരത്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും രാഹുലിനു ലഭിച്ചു. മുംബൈക്കായി ജയദേവ് ഉനദ്കട്ട് 2 വിക്കറ്റ് വീഴ്ത്തി.
അതിഗംഭീര തുടക്കമാണ് ലക്നൗവിനു ലഭിച്ചത്. പവർ പ്ലേയിലെ 6 ഓവറിൽ 6 ബൗളർമാരെ രോഹിത് പരീക്ഷിച്ചെങ്കിലും ആദ്യ വിക്കറ്റിൽ തന്നെ ലക്നൗ 52 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. പവർപ്ലേയിലെ അവസാന ഓവറിൽ ഡികോക്കിനെ (24) പുറത്താക്കിയ ഫേബിയൻ അലൻ മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. മൂന്നാം നമ്പറിലെത്തിയ മനീഷ് പാണ്ഡെ രാഹുലിനൊപ്പം ചേർന്ന് അനായാസം ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. ലക്നൗവിൻ്റെ തകർപ്പൻ ബാറ്റിംഗിനൊപ്പം ഫീൽഡിൽ മുംബൈ നിരാശപ്പെടുത്തിയതോടെ റൺസ് ഒഴുകി. 72 റൺസാണ് രണ്ടാം വിക്കറ്റിൽ സഖ്യം കൂട്ടിച്ചേർത്തത്. മനീഷ് പാണ്ഡെയുടെ (38) കുറ്റി പിഴുത മുരുഗൻ അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു.
ഇതിനിടെ 33 പന്തുകളിൽ രാഹുൽ ഫിഫ്റ്റി തികച്ചിരുന്നു. നാലാം നമ്പറിലെത്തിയ മാർക്കസ് സ്റ്റോയിനിസ് സിക്സറോടെയാണ് ഇന്നിംഗ്സ് ആരംഭിച്ചതെങ്കിലും അധികം ആയുസ് ഉണ്ടായിരുന്നില്ല. 10 റൺസെടുത്ത താരത്തെ ജയ്ദേവ് ഉനദ്കട്ട് രോഹിത് ശർമ്മയുടെ കൈകളിലെത്തിച്ചു. ഒരു വശത്ത് വിക്കറ്റുകൾ വീഴുന്നതൊന്നും രാഹുലിനെ തളർത്തിയില്ല. ബുംറ ഒഴികെയുള്ള മുംബൈ ബൗളർമാരെയൊക്കെ അനായാസം പ്രഹരിച്ച് 56 പന്തുകളിൽ താരം സെഞ്ചുറി തികച്ചു. അവസാന ഓവറുകളിൽ ഹൂഡയും ചില കൂറ്റൻ ഷോട്ടുകളുതിർത്തു. 15 റൺസെടുത്ത താരത്തെ അവസാന ഓവറിൽ ഉനദ്കട്ട് ഇഷാൻ കിഷൻ്റെ കൈകളിലെത്തിച്ചു. രാഹുലുമൊത്ത് 43 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ഹൂഡ മടങ്ങിയത്. അവസാന ഓവറിൽ വെറും 4 റൺസ് മാത്രം വഴങ്ങിയ ഉനദ്കട്ടാണ് ലക്നൗവിനെ 200 കടക്കാതെ പിടിച്ചുനിർത്തിയത്.
Story Highlights: lucknow super giants innings mumbai indians ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here