ഗുജറാത്തിൽ 108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഗുജറാത്തിൽ, 108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ അടയാളമാണ് പ്രതിമ സ്ഥാപിക്കലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ( modi unveils 108 ft hanuman statue )
ഹനുമാൻ ജയന്തി ദിനമായ ഇന്ന് ഗുജറാത്തിലെ മൊർബിയിലാണ് 108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തത്. വീഡിയോ കോൺഫറൻസിങ് മുഖേനയാണ് പ്രധാനമന്ത്രി ചടങ്ങിൽ സംബന്ധിച്ചത്. ഹനുമാൻ തന്റെ ഭക്തി, സേവനം എന്നിവയിലൂടെ എല്ലാവരെയും കോർത്തിണക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഹനുമാൻ ചാർധാം പദ്ധതിയുടെ ഭാഗമായി നാല് വമ്പൻ പ്രതിമകളാണ് രാജ്യത്ത് സ്ഥാപിക്കുന്നത്. അതിൽ രണ്ടാമത്തേതാണ് ഗുജറാത്തിലെ മൊർബിയിൽ അനാച്ഛാദനം ചെയ്തത്. ആദ്യത്തേത് ഷിംലയിൽ ആയിരുന്നു. ബാക്കി രണ്ട് പ്രതിമകൾ തമിഴ്‌നാട്ടിലെ രാമേശ്വരത്തും പശ്ചിമ ബംഗാളിലും സ്ഥാപിക്കും. ഗുജറാത്ത് നിലനിർത്താൻ ബിജെപി രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കുകയാണ്. ഈ വർഷം അവസാനമോ, അടുത്ത വർഷം ആദ്യമോ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. മതസാമുദായിക വോട്ടുകൾക്ക് ഉപരിയായി വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടാനാണ് ബിജെപി നീക്കം.
Story Highlights: modi unveils 108 ft hanuman statue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here