എത്തിപ്പിടിക്കാനാവാതെ മുംബൈ; വീണ്ടും തോറ്റു

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്നൗ സൂപ്പർ ജയൻ്റ്സിനു ജയം. 18 റൺസിനാണ് ലക്നൗ മുംബൈയെ തുരത്തിയത്. 200 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇത് മുൻ ചാമ്പ്യന്മാരുടെ തുടർച്ചയായ ആറാം പരാജയമാണ്. 37 റൺസെടുത്ത സൂര്യകുമാർ യാദവ് മുംബൈയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ഡെവാൾഡ് ബ്രെവിസും (31) മുംബൈക്കായി തിളങ്ങി. ലക്നൗവിനായി ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. മൂന്നാം ഓവറിൽ രോഹിതിനെ (6) ആവേശ് ഖാൻ ക്വിൻ്റൺ ഡികോക്കിൻ്റെ കൈകളിൽ എത്തിക്കുമ്പോൾ സ്കോർ ബോർഡിൽ ആകെ 16 റൺസ്. മൂന്നാം നമ്പറിലെത്തിയ ഡെവാൾഡ് ബ്രെവിസ് കഴിഞ്ഞ മത്സരത്തിൽ നിർത്തിയ ഇടത്തുനിന്ന് തുടങ്ങി. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ താരം പവർപ്ലേയിലെ അവസാന ഓവറിൽ വീണു. വെറും 13 പന്തിൽ 31 റൺസെടുത്ത ബ്രെവിസിനെ ആവേശ് ഖാൻ ദീപക് ഹൂഡയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ടൈമിങ് കണ്ടെത്താൻ വിഷമിച്ച ഇഷാൻ കിഷൻ (13) സ്റ്റോയിനിസിൻ്റെ പന്തിൽ പ്ലെയ്ഡ് ഓൺ ആയി.
നാലാം വിക്കറ്റിൽ ഒത്തുചേർന്ന തിലക് വർമ്മ-സൂര്യകുമാർ യാദവ് സഖ്യം മുംബൈ ഇന്നിംഗ്സിനെ മുന്നോട്ടുനയിച്ചു. സൂര്യ ആക്രമണ ബാറ്റിംഗ് കാഴ്ചവച്ചപ്പോൾ തിലക് താരത്തിന് ഉറച്ച പിന്തുണ നൽകി. 64 റൺസ് നീണ്ട കൂട്ടുകെട്ടിനു ശേഷം തിലക് മടങ്ങി. 26 റൺസെടുത്ത യുവതാരത്തെ ഹോൾഡർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. സ്കോർ ഉയർത്താനുള്ള സമ്മർദ്ദം ഒടുവിൽ സൂര്യയെയും പിടികൂടി. രവി ബിഷ്ണോയ്ക്കെതിരെ കൂറ്റൻ ഷോട്ടിനു ശ്രമിച്ച താരം കൃഷ്ണപ്പ ഗൗതമിനു ക്യാച്ച് സമ്മാനിച്ച് മടങ്ങി. 18ആം ഓവറിൽ ഫേബിയൻ അലനെ (8) ആവേശ് ഖാൻ ദുഷ്മന്ത ചമീരയുടെ കൈകളിൽ എത്തിച്ചു. അവസാന ഓവറുകളിൽ കീറോൺ പൊള്ളാർഡും ജയദേവ് ഉനദ്കട്ടും ചില കൂറ്റൻ ഷോട്ടുകളുതിർത്തെങ്കിലും വിജയത്തിന് അത് മതിയാവുമായിരുന്നില്ല. ഉനദ്കട്ട് (14), മുരുഗൻ അശ്വിൻ (6) എന്നിവർ ദുഷ്മന്ത ചമീര എറിഞ്ഞ അവസാന ഓവറിൽ റണ്ണൗട്ടായപ്പോൾ കീറോൺ പൊള്ളാർഡ് (25) മാർക്കസ് സ്റ്റോയിനിസിൻ്റെ കൈകളിൽ അവസാനിച്ചു.
Story Highlights: mumbai indians lost lucknow super giants
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here