ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെയുണ്ടായ സംഘര്‍ഷം; അറസ്റ്റിലായവരുടെ എണ്ണം 14ആയി

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍ പുരിയിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനാലായി. ഇന്നലെ ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു പ്രദേശവാസിക്കും എട്ട് പൊലീസുകാര്‍ക്കുമടക്കം ഒന്‍പത് പേര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തിനിടെ വെടിയേറ്റ സബ് ഇന്‍സ്‌പെക്ടറുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
മേഖലയില്‍ ഇന്നലെ രാത്രിയോടെ തന്നെ സ്ഥിതി നിയന്ത്രണവിധേയമായിരുന്നു. കൂടുതല്‍ സേനയെ മേഖലയില്‍ നിയോഗിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സംഘര്‍ഷ സാധ്യതയുള്ള മറ്റ് മേഖലകളില്‍ പ്രത്യേക സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തി. അതേസമയം, ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രഡല്‍ഹി സര്‍ക്കാരുകള്‍ പരസ്പരം പഴിചാരല്‍ തുടരുകയാണ്.
കലാപം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ചിലെയും സ്‌പെഷ്യല്‍ സെല്ലിലെയും ഉദ്യോഗസ്ഥരുടെ 10 സംഘങ്ങളെയാണ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്. അതേസമയം 2020ല്‍ കലാപം നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പൊലീസ് തള്ളിക്കളഞ്ഞു. സമാധാനം നിലനില്‍ക്കുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പൊലീസ് പറഞ്ഞു.
Read Also : ഹനുമാൻ ജയന്തി ആഘോഷത്തിന് നേരെയുണ്ടായ ആക്രമണം: കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന് ഗൗതം ഗംഭീർ
ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെയാണ് ഇന്നലെ ഡല്‍ഹിയില്‍ സംഘര്‍ഷങ്ങളുണ്ടായത്. നിരവധി വാഹനങ്ങള്‍ തകര്‍ത്തതായും കല്ലേറ് നടന്നതായുമാണ് റിപ്പോര്‍ട്ട്. സംഭവത്തെ അപലപിച്ച് ബിജെപി എംപി ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരുന്നു.
Story Highlights: Conflict during Hanuman Jayanti procession 14 arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here