Advertisement

നന്മയുടെയും സ്‌നേഹത്തിന്റെയും ഈസ്റ്ററാകട്ടെ; ജോയ്‌സ്‌നയുടെ ചിത്രം പങ്കുവച്ച് ഷെജിന്റെ ഈസ്റ്റര്‍ ആശംസ

April 17, 2022
Google News 1 minute Read

കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവ് ഷെജിന്‍ ഈസ്റ്റര്‍ ആശംസയുമായി ഇട്ട ഫേസ്ബുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു. ഭാര്യ ജോയ്‌സ്‌ന ജോസഫ് ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയില്‍ പ്രാര്‍ഥിക്കുന്ന ചിത്രമാണ് ഷെജിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചിത്രത്തിനൊപ്പം ഷെജിന്‍ ഈസ്റ്റര്‍ ആശംസ നേരുകയും ചെയ്തിട്ടുണ്ട്.

‘നന്മയുടെയും സ്‌നേഹത്തിന്റെയും ഈസ്റ്റര്‍ ആശംസകള്‍’ എന്ന തലക്കെട്ടോടെയാണ് ഷെജിന്റെ പോസ്റ്റ്. ആയിരക്കണക്കിന് പേരാണ് പോസ്റ്റില്‍ പ്രതികരണം നടത്തിയിരിക്കുന്നത്. ഇതില്‍ പലരും ദമ്പതികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു. കോടഞ്ചേരിയില്‍ മിശ്രവിവാഹിതരായ ഷെജിനും ജോയ്‌സ്‌നയുടെയും വിവാഹം ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.

അതേസമയം, വിവാഹ വിവാദത്തില്‍ ജോയ്‌സ്‌നയെ ചൊവ്വാഴ്ച്ച കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ജോയ്‌സ്‌നയുടെ പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടത്തി ഉത്തരവ്. കോടഞ്ചേരി പൊലീസിനാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഒമ്പതാംതീയതി മകളെ കാണാതായതിനെ തുടര്‍ന്ന് പതിനൊന്നിനാണ് പിതാവ് കോടതിയെ സമീപിച്ചത്.

മകളെ ചതിക്കുഴിയില്‍ കുടുക്കിയതാണെന്ന് ജോയ്സ്‌നയുടെ പിതാവ് ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു. സിബിഐ, അല്ലെങ്കില്‍ എന്‍ഐഎ ഏജന്‍സി ഇത് അന്വേഷിക്കണമെന്നാണ് പിതാവിന്റെ ആവശ്യം. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഷെജിന്‍, ജോയ്‌സ്‌ന എന്നിവരുടെ മിശ്രവിവാഹം വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഇതരമതത്തില്‍പ്പെട്ട ഇവര്‍ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ലൗ ജിഹാദ് ആണെന്ന് വ്യാജപ്രചാരണം ഉണ്ടായിരുന്നു. തങ്ങളുടെ വിവാഹം ലൗ ജിഹാദ് ആണെന്നാരോപിച്ച് ചില സംഘടനകള്‍ വ്യാജ പ്രചരണം നടത്തുകയാണെന്ന് ഷിജിന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു.

മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ജോയ്‌സ്നയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും വിശദീകരിച്ച് ജോയ്‌സ്ന സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. മിശ്രവിവാഹ വിഷയത്തില്‍ സംസ്ഥാനത്ത് മതസൗഹാര്‍ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിക്കുകയാണെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടിരുന്നു. പ്രതിസന്ധികള്‍ മനസുകളെ തമ്മില്‍ അകറ്റുകയാണ്. മതസൗഹാര്‍ദം ഉയര്‍ത്തിപ്പിടിച്ച നാടാണ് കേരളം. അതിനിയും ശക്തമായി തുടരുകയാണ് വേണ്ടതെന്നും താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍ വ്യക്തമാക്കി.

വിവാദങ്ങളില്‍ ക്രിസ്ത്യന്‍ സമുദായത്തിനൊപ്പം ബിജെപിയുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോര്‍ജ് എം. തോമസിനെ ഭീഷണിപ്പെടുത്തി മാറ്റിപ്പറയിപ്പിച്ച സിപിഐഎം തീവ്രവാദികള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുകയാണ്. നിലപാട് മാറ്റിയില്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തുപോവേണ്ടിവരും എന്ന സന്ദേശമാണ് സത്യം തുറന്ന് പറഞ്ഞ ജോര്‍ജ് എം.തോമസിന് പാര്‍ട്ടി നല്‍കിയതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here