Advertisement

കോടഞ്ചേരി മിശ്ര വിവാഹം; ജോയ്സ്ന ഇന്ന് കോടതിയിൽ ഹാജരാകും

April 19, 2022
Google News 1 minute Read

കോടഞ്ചേരിയിലെ മിശ്ര വിവാഹത്തിലെ പെൺകുട്ടി ജോയ്സ്ന ഇന്ന് കോടതിയിൽ ഹാജരാകും. മിശ്രവിവാഹത്തിന് പിന്നാലെ ജോയ്സ്നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ ഹേബിയസ് കോർപ്പസിലാണ് ഹാജരാവാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. ജോയ്സ്നയെ ഹാജരാക്കാൻ പൊലീസിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം. മകൾ ചതിക്കപ്പെട്ടതാണെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ഹർജിയിൽ ജോയ്സനയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു. ഡിവൈഎഫ്ഐ നേതാവ് ഷെജിന്റെയും ജോയ്സ്നയുടെയും പ്രണയ വിവാഹം വലിയ വിവാദമാകുകയും ലൗ ജിഹാദ് ആരോപണം ഉയരുകയും ചെയ്തിരുന്നു. 

മകളെ ചതിക്കുഴിയിൽ കുടുക്കിയതാണെന്ന് ജോയ്സ്‌നയുടെ പിതാവ് ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു. സിബിഐ, അല്ലെങ്കിൽ എൻഐഎ ഏജൻസി ഇത് അന്വേഷിക്കണമെന്നാണ് പിതാവിന്റെ ആവശ്യം. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഷെജിൻ, ജോയ്‌സ്‌ന എന്നിവരുടെ മിശ്രവിവാഹം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. ഇതരമതത്തിൽപ്പെട്ട ഇവർ വിവാഹം കഴിച്ചതിനെ തുടർന്ന് പ്രദേശത്ത് ലൗ ജിഹാദ് ആണെന്ന് വ്യാജപ്രചാരണം ഉണ്ടായിരുന്നു. തങ്ങളുടെ വിവാഹം ലൗ ജിഹാദ് ആണെന്നാരോപിച്ച് ചില സംഘടനകൾ വ്യാജ പ്രചരണം നടത്തുകയാണെന്ന് ഷിജിൻ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു.

മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ജോയ്‌സ്നയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും വിശദീകരിച്ച് ജോയ്‌സ്ന സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. മിശ്രവിവാഹ വിഷയത്തിൽ സംസ്ഥാനത്ത് മതസൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുകയാണെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ അഭിപ്രായപ്പെട്ടിരുന്നു. പ്രതിസന്ധികൾ മനസുകളെ തമ്മിൽ അകറ്റുകയാണ്. മതസൗഹാർദം ഉയർത്തിപ്പിടിച്ച നാടാണ് കേരളം. അതിനിയും ശക്തമായി തുടരുകയാണ് വേണ്ടതെന്നും താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കി.

വിവാദങ്ങളിൽ ക്രിസ്ത്യൻ സമുദായത്തിനൊപ്പം ബിജെപിയുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോർജ് എം. തോമസിനെ ഭീഷണിപ്പെടുത്തി മാറ്റിപ്പറയിപ്പിച്ച സിപിഐഎം തീവ്രവാദികൾക്ക് മുമ്പിൽ മുട്ടിലിഴയുകയാണ്. നിലപാട് മാറ്റിയില്ലെങ്കിൽ പാർട്ടിക്കു പുറത്തുപോവേണ്ടിവരും എന്ന സന്ദേശമാണ് സത്യം തുറന്ന് പറഞ്ഞ ജോർജ് എം.തോമസിന് പാർട്ടി നൽകിയതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

Story Highlights: kodancheri wedding girl court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here