Advertisement

ചേർത്തുനിർത്തലിന്റെ പാഠങ്ങൾ; യുക്രൈൻ അഭയാർത്ഥിയ്ക്ക് നിർമ്മിച്ച് നൽകിയത് ഒരു കോടിയുടെ വീട്…

April 17, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിരവധി പേരാണ് രാജ്യം വിട്ട് വേറെ രാജ്യത്തേക്ക് പലായനം ചെയ്തത്. ഈ യുദ്ധത്തിൽ വീട് നഷ്ടപ്പെട്ടവരും അനാഥരായവരും നിരവധിയാണ്. കണ്ണീരിന്റെയും ചോരയുടെയും അവശേഷിപ്പുകൾ മാത്രമായി യുക്രൈൻ ഭൂമി മാറുമ്പോൾ നിസ്സഹായരായ ജനങ്ങൾക്ക് സഹായവുമായി വിവിധ രാജ്യങ്ങളും ആളുകളും രംഗത്തെത്തിയിരുന്നു. എങ്കിലും പഴയ ജീവിത സാഹചര്യത്തിലേക്ക് മടങ്ങിപോകാൻ ഇനിയും ഒരുപാട് വർഷങ്ങൾ ഇവർക്ക് കാത്തിരിക്കേണ്ടി വരും. യുദ്ധം അനിശ്ചിതമായി തുടരുന്നതിനാൽ ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് എന്ന് മടങ്ങിപ്പോകാൻ സാധിക്കുമെന്നും പ്രവചിക്കാൻ പറ്റില്ല.

ഇങ്ങനെ എത്രകാലം ക്യാമ്പിൽ തുടരേണ്ടി വരുമെന്നറിയാതെ വലഞ്ഞ കുടുംബത്തിന് വീട് നൽകിയിരിക്കുകയാണ് ടെലികോം കമ്പനിയുടമ ജെയിംസ് ഹ്യൂഗ്‌സ്. യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെട്ടെത്തിയ മരിയ എന്ന യുവതിക്കും അവരുടെ മൂന്ന് മക്കള്‍ക്കുമായാണ് വീട് നൽകിയിരിക്കുന്നത്. ഒരു ലക്ഷം പൗണ്ട് വിലമതിയ്ക്കുന്ന അതായത് 98 ലക്ഷം ഇന്ത്യന്‍ രൂപ വിലവരുന്ന വീടാണ് ജെയിംസ് യുകെയിലെ റെക്‌സമില്‍ ഇവർക്കായി നൽകിയിരിക്കുന്നത്.

Read Also : ഇതിനോടകം സഞ്ചരിച്ചത് 22 രാജ്യങ്ങൾ; ലോകം ചുറ്റാൻ പ്രായം വെല്ലുവിളി അല്ലയെന്ന് തെളിയിച്ച് ദമ്പതികൾ…

യുക്രൈനിലെ വാർത്ത ജെയിംസിനെ വളരെയധികം സങ്കടപ്പെടുത്തി. അവർക്കായി എന്തെങ്കിലും ചെയ്യണമെന്നുള്ള അന്വേഷണമാണ് വീട് വാങ്ങി നൽകാമെന്ന തീരുമാനത്തിൽ ജെയിംസിനെ എത്തിച്ചത്. അങ്ങനെ ഫേസ്‌ബുക്കിലൂടെ ജെയിംസ് ആളെ തിരയുകയും മരിയയെ കണ്ടെത്തുകയും ചെയ്തു. വീട് മാത്രമല്ല പണവും വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളും ജെയിംസ് മരിയയ്ക്ക് നൽകി. എന്നാൽ വീട് നൽകിയത് തന്നെ തനിക്കായി ചെയ്ത ഏറ്റവും വലിയ ഉപകാരമാണ്. അതുകൊണ്ട് ബാക്കിയെല്ലാം സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു എന്ന് മരിയ പറയുന്നു.

മൂന്ന് ബെഡ്‌റൂമുകളാണ് വീടിനുള്ളത്. കൂടാതെ വീടിന്റെ ഫർണീഷിങ് ജോലികളും പൂർത്തിയായിട്ടുണ്ട്. സഹായത്തിനായി പ്രദേശവാസികളും എത്തി. ഇവർക്ക് ഇവിടെ ഒരു ഒറ്റപ്പെടലും അനുഭവിക്കേണ്ടി വരില്ലെന്ന ഉറപ്പും പ്രദേശവാസികൾ നൽകി…

Story Highlights: UK man buys 3-bedroom house for Ukrainian refugee family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement