ബൈക്ക് എങ്ങനെ പ്രതികളുടെ കൈയിൽ എത്തിയതെന്ന് അറിയില്ല; അക്രമി സംഘമെത്തിയ ബൈക്കിന്റെ ഉടമ ട്വന്റി ഫോറിനോട്

പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികരണവുമായി അക്രമി സംഘമെത്തിയ ബൈക്കിന്റെ ഉടമ അനിത . രണ്ട് വർഷം മുമ്പ് പണയം വച്ച ബൈക്കാണ് സംഘം ഉപയോഗിച്ചത്. റഷീദ് എന്നയാൾക്ക് 7,000 രൂപയ്ക്കാണ് ബൈക്ക് പണയം വച്ചത്. ബൈക്ക് എങ്ങനെ പ്രതികളുടെ കൈകളിൽ എത്തിയതെന്ന് അറിയില്ല. പണത്തിന് അത്യാവശ്യം വന്നപ്പോഴാണ് ബൈക്ക് പണയം വച്ചതെന്ന് അനിത ട്വന്റി ഫോനോട് പറഞ്ഞു.
പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തിന് അക്രമി സംഘമെത്തിയ ബൈക്കിന്റെ ഉടമയായ അനിതയെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ബൈക്ക് നിലവില്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്ന് അനിത പറഞ്ഞിരുന്നു. ബൈക്കിന്റെ ആര്‍സി മാത്രമാണ് തന്റെ പേരിലെന്നും അവർ വ്യക്തമാക്കിയിരുന്നു. ശ്രീനിവാസന്‍ കേസിലെ രണ്ടു ബൈക്കുകളില്‍ ഒരെണ്ണം കണ്ടെത്താനായതോടെ അധികം വൈകാതെ പ്രതികളിലേക്കെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണം സംഘം.
ശ്രീനിവാസന്‍ കൊലക്കേസില്‍ പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട് എഡിജിപി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. നാല് ടീമുകളെയാണ് പ്രതികളെ പിടിക്കാനായി നിയോഗിച്ചിരിക്കുന്നത്. പ്രതികളെ വൈകാതെ പിടികൂടുമെന്നും എഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു. സുബൈര്‍ വധക്കേസില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി.
Story Highlights: Palakkad Sreenivasan murder case