Advertisement

കാര്‍ ഓടിച്ച് കയറ്റിയെന്ന കേസ്; മേയര്‍ക്കെതിരായ വധശ്രമക്കേസ് റദ്ദാക്കണമെന്ന് പൊലീസ്

April 18, 2022
Google News 2 minutes Read

തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിനെതിരായ വധശ്രമക്കേസ് റദ്ദാക്കണമെന്ന് പൊലീസ്. യുഡിഎഫ് സമരത്തിലേക്ക് കാര്‍ ഓടിച്ച് കയറ്റിയെന്നാണ് കേസ്. മേയറുടെ ഡ്രൈവര്‍ മനഃപൂര്‍വം കാര്‍ ഓടിച്ച് കയറ്റിയതല്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഓടിത്തുടങ്ങിയ വാഹനത്തിന് മുന്നില്‍ കൗണ്‍സിലര്‍മാര്‍ തടസം ഉണ്ടാക്കുകയായിരുന്നെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

തൃശൂരില്‍ കുടിവെള്ളത്തില്‍ ചെളിവെള്ളമെന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. പ്രതിഷേധത്തിനിടയില്‍ സംഘടിച്ചു നിന്ന യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കിടയിലേക്ക് കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആക്ഷേപത്തിലാണ് കേസ്. ഈ കേസ് നിലനില്‍ക്കില്ലെന്ന റിപ്പോര്‍ട്ടാണ് ജെഎഫ്എം കോടതിയില്‍ നല്‍കിയിട്ടുള്ളത്.

മേയറുടെ ഡ്രൈവര്‍ മനഃപൂര്‍വം ഓടിച്ച് കയറ്റിയതല്ല, ഓടി തുടങ്ങിയ വാഹനത്തിന് മുന്നില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തടസം സൃഷ്ടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ വധശ്രമം നിലനില്‍ക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.

അതേസമയം, കോര്‍പ്പറേഷന്‍ കൗണ്‍സില്‍ നടക്കുന്നതിനിടയില്‍ തൃശൂര്‍ മേയറെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കൗണ്‍സിര്‍മാരായ രാജന്‍ പല്ലന്‍, ജോണ്‍ ഡാനിയല്‍, ലാലി ജെയിംസ്, ശ്രീലാല്‍ ശ്രീധര്‍, എ.കെ.സുരേഷ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. പെട്രോളുമായി കൗണ്‍സില്‍ യോഗത്തിനെത്തിയെന്ന ആക്ഷേപത്തിലാണ് കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട നടപടികളുമായി പൊലീസ് പോകുകയാണ്. ഇതിനിടയിലാണ് മേയര്‍ക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന നിലപാടുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് വലിയ പ്രതിഷേധങ്ങള്‍ വഴിതെളിച്ചേക്കുമെന്നാണ് സൂചന.

Story Highlights: Police demand cancellation of attempted murder case against mayor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here