‘ബിജെപിയിലേക്ക് പോകില്ല, സുരേഷ് ഗോപിയുമായി നടത്തിയ ആശയവിനിമയം മന്ത്രിയെന്ന നിലയില്‍ മാത്രം’; തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുമായുള്ള അടുപ്പത്തെക്കുറിച്ചുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ മറുപടിയുമായി തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്. മന്ത്രിയെന്ന നിലയിലുള്ള ആശയവിനിമയം മാത്രമാണ് സുരേഷ് ഗോപിയുമായി നടത്തിയതെന്നും അതില്‍ രാഷ്ട്രീയം കൂട്ടിക്കലര്‍ത്തേണ്ടതില്ലെന്നും മേയര്‍ എം കെ വര്‍ഗീസ് പറഞ്ഞു. താന്‍ ഇടതുപക്ഷത്തിനും സിപിഐഎമ്മിനുമൊപ്പമെന്ന് തൃശൂര്‍ മേയര്‍ പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കാനാകില്ല. തന്റെ ആദര്‍ശവും സുരേഷ് ഗോപിയുടെ ആദര്‍ശവും വേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Thrissur mayor M K Varghese clarifies his relationship with suresh gopi)
താന്‍ ബിജെപിയിലേക്ക് പോകുമെന്ന തരത്തില്‍ വരുന്ന പ്രചാരണങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് എം കെ വര്‍ഗീസ് പറയുന്നു. ഇടതുപക്ഷത്തിന് ഒപ്പമാണ് താന്‍ ഉറച്ച് നില്‍ക്കുന്നത്. രാഷ്ട്രീയമായ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമം. അത് നാടിന് ദോഷം ചെയ്യും. നാടിന്റെ വികസനത്തിനു വേണ്ടി തൃശ്ശൂരിന്റെ എംപി മന്ത്രി ആയപ്പോള്‍ പ്രതീക്ഷ കൊടുത്തത് തെറ്റായി തോന്നുന്നില്ല. ഇടതുപക്ഷത്തെ വ്രണപ്പെടുത്തുന്ന ഒരു പ്രവൃത്തിയും താന്‍ ചെയ്തിട്ടില്ല. സിപിഐക്ക് അതൃപ്തി വരേണ്ട സാഹചര്യം ഇല്ല. സിപിഐഎമ്മിന്റെ ഘടകകക്ഷിയായ സിപിഐ എന്തെങ്കിലും അതൃപ്ത്തിയുണ്ടെങ്കില്‍ അവരുമായി സംസാരിച്ചു തീര്‍ക്കാന്‍ തയാറാണ്. മേയര്‍ എന്ന നിലയില്‍ തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വന്നാല്‍ കൂടെ പോകേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വിശദീകരിച്ചു.
സുരേഷ് ഗോപി വികസന സങ്കല്‍പ്പങ്ങള്‍ ഉള്ള ആളാണ് രാജ്യസഭാ എംപി ആയിരുന്നപ്പോള്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മേയര്‍ പറയുന്നു. സുരേഷ് ഗോപി വലിയ പദ്ധതികള്‍ കൊണ്ടുവരണമെന്നാണ് തന്റെ ആഗ്രഹം. അത് തൃശ്ശൂരിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ്. തന്നോട് പ്രത്യേക വൈരാഗ്യം ഉള്ളതുപോലെയാണ് ഇപ്പോഴത്തെ ചര്‍ച്ചകളെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ തൃശൂരില്‍ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപിയും മേയറും പരസ്പരം പുകഴ്ത്തി സംസാരിച്ചത്.
Story Highlights : Thrissur mayor M K Varghese clarifies his relationship with suresh gopi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here