ജഹാംഗീര്‍പുരി സംഘര്‍ഷം; അഞ്ച് പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ച് പൊലീസ്

ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെയുണ്ടായ ജഹാംഗീര്‍ പുരി സംഘര്‍ഷത്തില്‍ ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ച് ഡല്‍ഹി പൊലീസ്. അഞ്ച് പ്രതികള്‍ക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയത്. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
സംഘര്‍ഷത്തിലെ മുഖ്യപ്രതി സോനു ചിക്‌ന എന്ന യൂനുസിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ രോഹിണി കോടതിയുടേതാണ് നടപടി. സംഘര്‍ഷത്തിനിടെ സോനു വെടിയുതിര്‍ത്തെന്നാണ് ആരോപണം. സംഘര്‍ഷത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് നിഗമനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസ്, ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
Read Also : കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് നീട്ടി കേന്ദ്രം
സംഘര്‍ഷത്തിന് പിന്നില്‍ പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ നന്ദ്കിഷോര്‍ ഗുര്‍ജാര്‍ രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടിയെയും ബിജെപി എംഎല്‍എ കുറ്റപ്പെടുത്തി. കലാപങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കുന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണെന്ന് ആം ആദ്മി പാര്‍ട്ടി തിരിച്ചടിച്ചു. ജഹാംഗീര്‍പുരിയില്‍ വന്‍ സുരക്ഷാ സന്നാഹം തുടരുകയാണ്. അഞ്ച് സെക്ടറുകളായി തിരിച്ചു കൊണ്ടാണ് കേന്ദ്ര സേനയെ അടക്കം വിന്യസിച്ചിരിക്കുന്നത്.
Story Highlights: Delhi Violence National Security Act by police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here