മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് ദേശീയ അംഗീകാരം

‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി’ വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന് 2022 ലെ സ്‌കോച്ച് ദേശീയ അവാർഡ്. ദേശീയതലത്തിൽ ഡിജിറ്റൽ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ മികച്ച ശ്രമങ്ങളെ അംഗീകരിക്കുന്നതാണ് SKOCH അവാർഡ്.
സംരംഭക അഭിരുചിയുള്ള തൊഴിൽ രഹിതരായ യുവാക്കളെ കണ്ടെത്തി സംരംഭങ്ങൾ സ്ഥാപിക്കാൻ ഒരു കോടി രൂപവരെ ലളിത വ്യവസ്ഥകളിൽ വായ്പനൽകുന്ന പദ്ധതിയാണ് സിഎംഇഡിപി. പദ്ധതി ചിലവിന്റെ 90% വരെ വായ്പയായി കെ എഫ് സി യിൽ നിന്നും ലഭിക്കും. 2020 ജൂലൈ മാസം ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 1894-ലധികം യൂണിറ്റുകൾ സ്ഥാപിക്കുകയും 158 കോടി രൂപ വായ്പ അനുവദിക്കുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ 7% പലിശയിൽ 50 ലക്ഷം വരെ നൽകിയിരുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പലിശ 5% മായി കുറക്കുകയും വായ്പാ പരിധി ഒരു കോടിയായി ഉയർത്തുകയും ചെയ്തിരുന്നു.
ഈ വർഷം മുതൽ സംരംഭകർക്ക് 5% പലിശയ്ക്ക് രണ്ട് കോടി രൂപ വരെയുള്ള വായ്പകൾ ലഭ്യമാക്കുന്ന രീതിയിൽ പദ്ധതിയെ പുനരാവിഷ്കരിക്കുമെന്നു ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഓരോ വർഷവും 500 പുതിയ സംരംഭങ്ങൾ എന്ന കണക്കിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2500 സംരംഭങ്ങൾ സ്ഥാപിക്കാനാണു ലക്ഷ്യം. ഈ വർഷം പദ്ധതി പ്രകാരം 500 കോടി രൂപ അനുവദിക്കാനാണ് കെഎഫ്‌സി ലക്ഷ്യമിടുന്നത്.
Story Highlights: CM Entrepreneurship Dvpt Programme Receives National Recognition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here