ഐപിഎൽ: ഇന്ന് ‘കളറില്ലാത്ത’ എൽ ക്ലാസിക്കോ

ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടം. മുംബൈ ഡിവൈ പാട്ടിൽ സ്പോർട്സ് അക്കാദമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. പോയിൻ്റ് പട്ടികയിൽ അവസാന രണ്ട് സ്ഥാനങ്ങളിലുള്ള ചെന്നൈയും മുംബൈയും എങ്ങനെയും വിജയിക്കാൻ തന്നെയാണ് ഇന്നിറങ്ങുക. ആറ് മത്സരങ്ങളിൽ ഒരെണ്ണം മാത്രം വിജയിച്ച ചെന്നൈ 9ആം സ്ഥാനത്തും ആറിൽ ആറും പരാജയപ്പെട്ട മുംബൈ പട്ടികയിൽ 10ആം സ്ഥാനത്തുമാണ്. (ipl chennai mumbai indians)
ഐപിഎലിലെ എൽ ക്ലാസിക്കോ എന്നാണ് മുംബൈ- ചെന്നൈ പോരാട്ടം അറിയപ്പെടുന്നത്. എന്നാൽ, ഒട്ടും ആകാംക്ഷയില്ലാത്ത എൽ ക്ലാസിക്കോ ആവും ഇത്. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെയും മുംബൈ ഇന്ത്യൻസിൻ്റെയും വളരെ മോശം പ്രകടനം ഐപിഎൽ വ്യൂവർഷിപ്പിനെയും ബാധിക്കുന്നുണ്ട്. ഇരു ടീമുകൾക്കും പല പ്രശ്നങ്ങളുണ്ട്. പൊതുവായ പ്രശ്നം ബൗളിംഗാണ്. മുംബൈ നിരയിൽ ജസ്പ്രീത് ബുംറ പഴയതു പോലെ എഫക്ടീവല്ല എന്നതിനപ്പുറം തൈമൽ മിൽസ്, ബേസിൽ തമ്പി, ജയദേവ് ഉനദ്കട്ട്, മുരുഗൻ അശ്വിൻ എന്നിങ്ങനെ നീളുന്ന ബൗളിംഗ് നിര ശരാശരിക്കും താഴെയാണ്. തൈമൽ മിൽസിനു പകരം റൈലി മെരെഡിത്തിനു സാധ്യതയുണ്ട്.
Read Also : മലിംഗയുടെ ബൗളിംഗ് ആക്ഷൻ; ശ്രീലങ്കൻ യുവ പേസർ മതീഷ പതിരന ചെന്നൈ സൂപ്പർ കിംഗ്സിൽ
മറുവശത്ത്, ഡ്വെയിൻ ബ്രാവോയും മഹീഷ് തീക്ഷണയും ഒഴികെയുള്ള ചെന്നൈ ബൗളിംഗ് നിരയും ശരാശരിക്ക് താഴെയാണ്. കഴിഞ്ഞ കളിയിൽ ഏറെ നിരാശപ്പെടുത്തിയ ക്രിസ് ജോർഡനു പകരം ഡ്വെയിൻ പ്രിട്ടോറിയസ് കളിച്ചേക്കും.
ബാറ്റിംഗ് വിഭാഗത്തിൽ മുംബൈക്കാണ് തലവേദന കൂടുതൽ. ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഇഷാൻ കിഷനും തുടരെ പരാജയപ്പെടുമ്പോൾ ഡെവാൾഡ് ബ്രെവിസ്, തിലക് വർമ, സൂര്യകുമാർ യാദവ് എന്നിവരടങ്ങിയ മധ്യനിരയാണ് മുംബൈ ഇന്ത്യൻസിനെ താങ്ങിനിർത്തുന്നത്. പൊള്ളാർഡ് പഴയ ഫോമിൻ്റെ ഏഴയലത്തില്ല. ടിം ഡേവിഡിന് ഇടം നൽകുന്നുമില്ല.
ചെന്നൈ സൂപ്പർ കിംഗ്സിൽ, ഫോമിലേക്ക് തിരികെയെത്തിയ ഋതുരാജ് ഒരു പോസിറ്റീവ് ഘടകമാണ്. റോബിൻ ഉത്തപ്പ, മൊയീൻ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ എന്നിവരൊക്കെ ഭേദപ്പെട്ട ചില ഇന്നിംഗ്സുകൾ കളിച്ചിട്ടുണ്ടെങ്കിലും സ്ഥിരതയില്ല. ശിവം ദുബെയാണ് ഇതുവരെ ടീമിലെ മികച്ച ബാറ്റർ.
Story Highlights: ipl chennai super kings mumbai indians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here