കെ.വി. തോമസിനെതിരായ അച്ചടക്ക നടപടി താക്കീതിൽ മാത്രമായി ഒതുങ്ങിയേക്കും; കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്

സി.പി.ഐ.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്തതിന്റെ പേരിലുള്ള വിവാദത്തിൽ കെ.വി. തോമസിന്റെ വിശദീകരണം ചർച്ച ചെയ്യാൻ ഇന്ന് കോൺഗ്രസ് അച്ചടക്ക സമിതി യോഗം ചേരും. അച്ചടക്ക നടപടി താക്കീതിൽ മാത്രമായി ഒതുങ്ങാനാണ് സാധ്യത. എ.ഐ.സി.സി അംഗത്വത്തിൽ നിന്ന് കെ.വി. തോമസിനെ മാറ്റി നിർത്തിയേക്കും.
കടുത്ത നടപടി വേണ്ടെന്ന നിലപാടിലാണ് അച്ചടക്കസമിതി അംഗങ്ങളില്‍ ഭൂരിപക്ഷവും. വിവാദങ്ങള്‍ ഉണ്ടാക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു എന്ന് കഴിഞ്ഞ ദിവസം കെവി തോമസ് ആരോപിച്ചിരുന്നു. തനിക്കെതിരായ പരാതിയില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതിനു ശേഷം തന്റെ നിലപാട് അറിയിക്കാം. കോണ്‍ഗ്രസിനെ നശിപ്പിക്കാനാണ് കെ. സുധാകരന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിലെ അതൃപ്തിക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്കും കെ.വി തോമസിനെ ക്ഷണിച്ചിരുന്നില്ല. അച്ചടക്കലംഘനത്തിന്റെ പേരില്‍ നടപടിയുടെ നിഴലില്‍ നില്‍ക്കുന്നതിനാലാണ് തോമസിനെ ക്ഷണിക്കാത്തത് എന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്ത തോമസിന്റെ നടപടി യോഗങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
കാരണം കാണിക്കല്‍ നോട്ടീസുമായി ബന്ധപ്പെട്ട് അച്ചടക്ക സമിതിക്ക് മറുപടി നല്‍കിയെന്ന് കെ.വി.തോമസ് തന്നെയാണ് വ്യക്തമാക്കിയത്. എഐസിസി നേതൃത്വത്തിന് ഇ മെയില്‍ മുഖാന്തരം കൃത്യമായിട്ടുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ അച്ചടക്ക സമിതി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ഇ മെയില്‍ മുഖാന്തരവും സ്പീഡ് പോസ്റ്റായും മറുപടി നല്‍കിയിട്ടുണ്ടെന്നും കെ.വി.തോമസ് വിശദീകരിച്ചിരുന്നു.
Story Highlights: kv thomas issue Congress Disciplinary Committee meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here