Advertisement

സ്വപ്ന സുരേഷിന് നൽകിയ ശമ്പളം തിരികെ നൽകാനാവില്ലെന്ന് പി.ഡബ്ലിയു.സി; സർക്കാരിന് കത്തയച്ചു

April 21, 2022
Google News 2 minutes Read
SWAPNA

സ്‌പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായിരിക്കെ സ്വപ്ന സുരേഷിനു നൽകിയ ശമ്പളം തിരികെ നൽകാനാവില്ലെന്ന് കാട്ടി പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് (പി.ഡബ്ലിയു.സി) സർക്കാരിന് കത്തയച്ചു. തുക തിരിച്ച് പിടിക്കുന്നതിൽ കെ.എസ്.ഐ.ടി.ഐ.എൽ നിയമോപദേശം തേടിയിരിക്കുകയാണ്.

ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ പ്രൈസ് വാട്ടർ കൂപ്പേഴ്‌സിന് (പി.ഡബ്ലിയു.സി) കത്ത് നൽകിയിരുന്നു. പി.ഡബ്ലു.സിയാണ് നിയമനത്തിനായി സ്വപ്നയെ തെരഞ്ഞെടുത്തതെന്ന് കെ.എസ്‌.ഐ.ടി.ഐ.എൽ (കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) അധികൃതർ അയച്ച കത്തിലുണ്ട്.

തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂർണമായ അറിവോടെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ സ്‌പേസ് പാർക്കിൽ നിയോഗിച്ചതെന്നും അതിനായി അപേക്ഷിക്കുകയോ അഭിമുഖത്തിൽ പങ്കെടുക്കുകയോ ചെയ്‌തിട്ടില്ലെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

Read Also : ശിവശങ്കറിനെ തിരിച്ചെടുത്തല്ലോ,സ്വപ്ന സുരേഷിന് കൂടി പഴയ ജോലി നൽകണം; പരിഹാസവുമായി രമേശ് ചെന്നിത്തല

സ്‌പേസ് പാർക്കിൽ സ്വപ്നയുടെ ശമ്പളമായി 19,06,730 രൂപയാണ് അനുവദിച്ചത്. ഇതിൽ ജി.എസ്.ടി ഒഴിവാക്കിയ തുകയായ 16,15,873 രൂപ പി.ഡബ്ലിയു.സിയിൽനിന്ന് ഈടാക്കാൻ കെ.എസ്‌.ഐ.ടി.ഐ.എൽ എം.ഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.

പി.ഡബ്ലിയു.സിയിൽനിന്ന് തുക ഈടാക്കാൻ കഴിയാതെ വന്നാൽ അന്നത്തെ ഐ.ടി സെക്രട്ടറിയും കെ.എസ്‌.ഐ.ടി.ഐ.എൽ ചെയർമാനുമായിരുന്ന ശിവശങ്കർ, അന്നത്തെ എം.ഡി സി. ജയശങ്കർ പ്രസാദ്, സ്‌പെഷൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽ നിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാർശ ചെയ്തിരുന്നു.

ഇവരുടെ ഭാഗത്തുനിന്നുണ്ടായ ബോധപൂർവമായ പ്രവൃത്തികൾ കാരണമാണ് ആവശ്യമായ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ ജൂനിയർ കൺസൾട്ടന്റായി നിയമിച്ചതെന്നായിരുന്നു ധനകാര്യപരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരിൽനിന്ന് തിരിച്ചു പിടിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.

Story Highlights: PWC says salary paid to Swapna Suresh not refundable

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here