കെ.ജി.എഫ് എന്ന് കേട്ടിട്ടുണ്ടോ? റോക്കിയുടെ മണ്ണല്ല, ഇത് യഥാർത്ഥ കോലാർ സ്വർണ്ണഖനി

പ്രശാന്ത് നീൽ കൊളുത്തിവിട്ട ‘കെജിഎഫ് ചാപ്റ്റര്‍ 2’ എന്ന തീപ്പൊരി തീയായി കാട്ടുതീയായി ബോക്സ് ഓഫീസിൽ കത്തിപ്പടരുകയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഴ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 700 കോടിയാണ് റോക്കി ഭായിയും കൂട്ടരും വാരിക്കൂട്ടിയത്. ബാഹുബലി ആദ്യഭാഗത്തിന്റെയും രജനികാന്തിന്റെ 2.0 യുടെയും റെക്കോഡ് തകര്‍ത്താണ് കുതിപ്പ് തുടരുന്നത്. റോക്കി ഭായിയുടെ വിഹാരകേന്ദ്രമായ, സ്വർണ്ണം ഒളിഞ്ഞുകിടക്കുന്ന കെജിഎഫ് യഥാർത്ഥത്തിൽ എവിടെയാണെന്ന് അറിയുമോ?
കർണാടകയിലെ കോലാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോലാർ സ്വർണ്ണഖനി(Kolar Gold Fields/KGF) രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഖനികളിൽ ഒന്നാണ്. ഇന്ത്യയുടെ സ്വന്തം സ്വർണ്ണഖനിയായ കോലാറില്‍ ഖനനം നിലച്ചിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. കുറഞ്ഞ ധാതുനിക്ഷേപവും, വർധിച്ച ഉല്പാദനച്ചെലവും മൂലം 2004ലാണ് പ്രവർത്തനം നിർത്തുന്നത്. ഗതകാലപ്രതാപത്തിന്റെ സ്മരണയില്‍ മയങ്ങുന്ന ഖനികളുടെയും മനുഷ്യരുടെയും തുടിപ്പുകള്‍ ഇന്നും ഇവിടെയെത്തിയാൽ അനുഭവിച്ചറിയാൻ കഴിയും.

നൂറ്റാണ്ടുകൾ മുമ്പ് മുതൽ ഇവിടെ ചെറിയ തോതിലുള്ള സ്വർണ്ണഖനനം നടന്നിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്താണ് കൂടുതൽ കാര്യക്ഷമമായ ഖനനപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 1802-ൽ ലെഫ്റ്റനന്റ് ജോൺ വാറൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കായി സർവേ നടത്തുന്നതിനിടയിലാണ് ഈ മേഖലയിലെ സ്വർണനിക്ഷേപത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നത്. 1873-ഓടെയാണ് ഇവിടെ ആധുനികരീതിയിലുള്ള ഖനനം ആരംഭിക്കുന്നത്.

1953 ജൂൺ മാസത്തിൽ ഇവിടത്തെ ഊറെഗം ഖനിയുടെ ആഴം 9,876 അടി വരെയെത്തി. അക്കാലത്ത് ഏറ്റവും ആഴമേറിയ ഖനിയായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. ഇവിടത്തെ ഖനികളില്‍ അവശേഷിക്കുന്ന സ്വര്‍ണ്ണത്തിന്റെ കണക്കെടുക്കാനുള്ള പരിശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഇനിയെന്നെങ്കിലും ഇവിടത്തെ സ്വർണ്ണഖനനം പുനരാരംഭിക്കുമെന്നും കോലാറിന്റെ സുവര്‍ണകാലം തിരിച്ചുവരുമെന്നുമുള്ള പ്രതീക്ഷയിലാണ് പിന്‍മുറക്കാര്‍.

Story Highlights: The Real KGF-From Gold Mine to Rust Belt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here