Advertisement

‘ക്രെഡിറ്റ് ചെറിയ അപകടം പോലും വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്ക്’; സ്വിഫ്റ്റ് ബസുകള്‍ക്ക് മികച്ച വരുമാനം ലഭിച്ചത് ചൂണ്ടിക്കാട്ടി ആന്റണി രാജു

April 22, 2022
Google News 2 minutes Read

വിവാദങ്ങള്‍ക്കിടയിലും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ മികച്ച വരുമാനം നേടുന്നുവെന്ന് സാക്ഷ്യപ്പെടുത്തി ഗതാഗതമന്ത്രി ആന്റണി രാജു. ഓരോ ചെറിയ അപകടങ്ങളും ചര്‍ച്ചയാക്കിയ മാധ്യമങ്ങളാണ് സ്വിഫ്റ്റ് ബസുകളെ മികച്ച കളക്ഷനിലേക്കെത്തിച്ചതെന്ന് ആന്റണി രാജു പറഞ്ഞു. സ്വിഫ്റ്റ് വരുമാനം ഉയര്‍ന്നതിന്റെ ക്രെഡിറ്റ് മാധ്യമങ്ങള്‍ക്കാണ്. വന്‍തുക നല്‍കി പരസ്യം നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം ചെറിയ അപകടങ്ങളുടെ വാര്‍ത്തകളിലൂടെ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് കിട്ടി. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും സാധിച്ചെന്ന് മന്ത്രി പറഞ്ഞു. (antony raju slams media ksrtc swift bus)

ആദ്യ പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപയാണ് സ്വിഫ്റ്റ് ബസുകള്‍ വരുമാനമായി നേടിയത്. സ്വിഫ്റ്റ് ബസുകള്‍ക്ക് കൂടുതല്‍ റൂട്ടുകള്‍ ലഭിക്കുന്നതോടെ വരുമാനം ഗണ്യമായി വര്‍ധിക്കുമെന്നാണ് കെഎസ്ആര്‍ടിസിയിലെ ഉന്നതങ്ങളുടെ വിലയിരുത്തല്‍. ഉദ്ഘാടനം മുതല്‍ പത്തോളം അപകടങ്ങള്‍ സ്വിഫ്റ്റ് ബസുകളുണ്ടാക്കിയത് ചര്‍ച്ചയായിരുന്നു.

Read Also : കെഎസ്ആര്‍ടിസിയില്‍ ജോലി സമയം 12 മണിക്കൂറാക്കിയേക്കും; സിഎംഡി ബിജു പ്രഭാകറിന്റെ നിര്‍ദേശം ഇന്ന് അവതരിപ്പിക്കും

വിവാദങ്ങള്‍ക്കിടയിലും സ്വിഫ്റ്റ് ബസുകള്‍ യാത്രക്കാരെ ആകര്‍ഷിച്ചെന്നാണ് വരുമാനം സൂചിപ്പിക്കുന്നത്. പെര്‍മിറ്റ് ലഭിച്ച 30 ബസുകളാണ് കെ സ്വിഫ്റ്റ് സര്‍വീസിനിറക്കിയത്. ബസുകളുടെ എണ്ണം കുറവാണെങ്കിലും പ്രതിദിന ശരാശരി ആറ് ലക്ഷം രൂപയിലധികമാണ്. എട്ട് എ സി സ്ലീപര്‍ ബസുകളാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഈ ബസുകള്‍ മാത്രം നേടിയത് 28 ലക്ഷത്തിലധികം രൂപയാണ്. 100 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 116 ബസുകളില്‍ നൂറെണ്ണത്തിന്റെ രജിസ്‌ട്രേഷനും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

പെര്‍മിറ്റ് ലഭിക്കുന്ന മുറയ്ക്ക് 100 ബസുകളും നിരത്തുകളിലിറക്കും. കിഫ്ബിയുടെ സഹായത്തോടെ 310 സിഎന്‍ജി ബസുകളും 50 ഇലക്ട്രിക് ബസുകളും ഉടന്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഭാഗമാകും. അതിനിടെ സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയന്‍ സംഘടനകളുടെ പ്രതിഷേധവും നടന്നുവരികയാണ്.

Story Highlights: antony raju slams media ksrtc swift bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here