Advertisement

ഐപിഎൽ: ഇന്ന് തീ പാറും; സഞ്ജുവും പന്തും നേർക്കുനേർ

April 22, 2022
2 minutes Read
rajasthan royals delhi capitals
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 6 മത്സരങ്ങളിൽ നാലെണ്ണം വിജയിച്ച് 8 പോയിൻ്റുള്ള രാജസ്ഥാൻ പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തും അത്ര തന്നെ മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം സഹിതം 6 പോയിൻ്റുള്ള ഡൽഹി ആറാം സ്ഥാനത്തുമാണ്. (rajasthan royals delhi capitals)

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ തകർപ്പൻ ജയം നേടിയാണ് ഡൽഹിയുടെ വരവ്. പഞ്ചാബിനെതിരെ 116 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി 11ആം ഓവറിൽ കളി തീർത്തു. പൃഥി ഷാ, ഡേവിഡ് വാർണർ എന്നീ ഓപ്പണിംഗ് ജോഡി തന്നെയാണ് ഡൽഹിയുടെ ഏറ്റവും വലിയ കരുത്ത്. ഋഷഭ് പന്ത്, ലളിത് യാദവ് എന്നിവർ സ്ഥിരതയോടെ കളിക്കുന്നില്ല എന്നത് ആശങ്കയാണ്. റോവ്‌മൻ പവൽ ഇതുവരെ ഫോമിലായിട്ടില്ല. വാലറ്റത്ത് ശാർദ്ദുൽ താക്കൂറും അക്സർ പട്ടേലും ഫിനിഷർമാരുടെ ജോലി ഗംഭീരമായി നിർവഹിക്കുന്നു. ബൗളിംഗ് പരിഗണിക്കുമ്പോൾ ഖലീൽ അഹ്മദാണ് ഡൽഹിയുടെ സ്ട്രൈക്ക് ബൗളർ. കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത് ഖലീൽ തൻ്റെ ദൗത്യം കൃത്യമായി നിർവഹിക്കുന്നു. കുൽദീപ് യാദവ്, അക്സർ പട്ടേൽ, മുസ്തഫിസുർ റഹ്മാൻ എന്നിവരും മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. ആറാം ബൗളിംഗ് ഓപ്ഷൻ ലളിത് യാദവിൽ ഭദ്രമാണ്. ടീമിൽ മാറ്റങ്ങളുണ്ടായേക്കില്ല.

കൊൽക്കത്തയുടെ കനത്ത വെല്ലുവിളി അതിജീവിച്ചാണ് രാജസ്ഥാൻ്റെ വരവ്. ഒരു മികച്ച ഡെത്ത് ബൗളറുടെ അഭാവം അവരെ ബാധിക്കുന്നുണ്ട്. ഒബേദ് മക്കോയ് ഒരു പരിധി വരെ ഇതിനു പരിഹാരമായേക്കും. ജോസ് ബട്‌ലറിൻ്റെ അസാമാന്യ ഫോം ആണ് രാജസ്ഥാൻ്റെ ഏറ്റവും വലിയ കരുത്ത്. തുടരെ മികച്ച പ്രകടനങ്ങൾ നടത്തുന്ന ബട്‌ലറിനൊപ്പം ഷിംറോൺ ഹെട്‌മെയർ, സഞ്ജു സാംസൺ എന്നിവരാണ് രാജസ്ഥാൻ ബാറ്റിംഗിൻ്റെ കരുത്ത്. ദേവ്ദത്ത് പടിക്കൽ സ്ഥിരതയോടെയല്ല കളിക്കുന്നത് എന്നത് തിരിച്ചടിയാണ്. നാലാം നമ്പറിൽ ഹെട്‌മെയർക്ക് ശേഷം റിയാൻ പരഗ്, കരുൺ നായർ എന്നീ ബാറ്റിംഗ് ഓപ്ഷനുകളാണ് രാജസ്ഥാനുള്ളത്. അതുകൊണ്ട് തന്നെ ആദ്യ മൂന്നോ നാലോ വിക്കറ്റുകൾ വേഗം നഷ്ടമായാൽ രാജസ്ഥാൻ വിയർക്കും. വിക്കറ്റുകൾ നഷ്ടമാവുന്നതിനനുസരിച്ച് ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തിയേക്കും. ട്രെൻ്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ എന്നിവർ പവർ പ്ലേയിലും യുസ്‌വേന്ദ്ര ചഹാൽ, ആർ അശ്വിൻ എന്നിവർ മധ്യ ഓവറുകളിലും കളി നിയന്ത്രിക്കുന്നത് രാജസ്ഥാൻ്റെ പ്രകടനത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. ടീമിൽ മാറ്റമുണ്ടാവാനിടയില്ല.

Story Highlights: ipl rajasthan royals delhi capitals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement