റസൽ ഷോ കടന്ന് ഗുജറാത്ത്; ജയത്തോടെ വീണ്ടും ഒന്നാമത്

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ആവേശ ജയം. 8 റൺസിനാണ് ഗുജറാത്ത് ജയം കുറിച്ചത്. 157 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 98 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടാനേ സാധിച്ചുള്ളൂ. 48 റൺസെടുത്ത ആന്ദ്രേ റസൽ കൊൽക്കത്തയുടെ ടോപ്പ് സ്കോററായി.
പുതിയ ഓപ്പണിംഗ് ജോഡിയാണ് ഇന്ന് കൊൽക്കത്തക്കായി ഇറങ്ങിയത്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ സാം ബില്ലിങ്സും വിൻഡീസ് ഓൾറൗണ്ടർ സുനിൽ നരേനും ചേർന്ന ഓപ്പണിംഗ് ജോഡി ആദ്യ ഓവറിൽ തന്നെ വേർപിരിഞ്ഞു. ബില്ലിങ്സിനെ (4) ഉമേഷ് യാദവ് വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിക്കുകയായിരുന്നു. സുനിൽ നരേനും (5) ഷമിക്ക് മുന്നിൽ വീണു. നരേനെ ലോക്കി ഫെർഗൂസൻ പിടികൂടി. ശ്രേയാസ് അയ്യർ (12) യാഷ് ദയാലിനു മുന്നിൽ കീഴടങ്ങിയപ്പോൾ നിതീഷ് റാണ (2) ലോക്കി ഫെർഗൂസന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇരുവരെയും സാഹ പിടികൂടുകയായിരുന്നു.
അഞ്ചാം നമ്പറിലെത്തിയ റിങ്കു സിംഗിൻ്റെ ബാറ്റിംഗാണ് കൊൽക്കത്തയെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ആക്രമിച്ചുകളിച്ച റിങ്കു അഞ്ചാം വിക്കറ്റിൽ വെങ്കടേഷ് അയ്യർക്കൊപ്പം ചേർന്ന് 45 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 35 റൺസെടുത്ത റിങ്കുവിനെ സാഹയുറ്റെ കൈകളിലെത്തിച്ച യാഷ് ദയാൽ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ വെങ്കടേഷും (17) പുറത്ത്. താരത്തെ റാഷിദ് ഖാൻ അഭിനവ് മനോഹറിൻ്റെ കൈകളിലെത്തിച്ചു.
ഏഴാം നമ്പറിൽ ക്രീസിലെത്തിയ ആന്ദ്രേ റസൽ പതിവുപോലെ കൊൽക്കത്തയുടെ പ്രതീക്ഷകളൊക്കെ ചുമലിലേറ്റിയാണ് ബാറ്റ് വീശിയത്. അൽസാരി ജോസഫ് എറിഞ്ഞ അവസാന ഓവറിൽ 18 റൺസായിരുന്നു കൊൽക്കത്തയുടെ വിജയലക്ഷ്യം. ആദ്യ പന്ത് റസൽ സിക്സറിനു പറത്തിയെങ്കിലും രണ്ടാം പന്തിൽ താരത്തെ ഫെർഗൂസൻ ഉജ്ജ്വലമായി പിടികൂടി. ഉമേഷ് യാദവ് (15) പുറത്താവാതെ നിന്നു.
Story Highlights: ipl gujarat titans won kolkata knight riders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here