Advertisement

തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു

April 23, 2022
Google News 2 minutes Read
john paul passes away

പ്രമുഖ തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീർഘകാലമായി ജോൺ പോൾ ചികിത്സയിലായിരുന്നു. ( john paul passes away )

മലയാളികൾക്ക് എക്കാലവും ഓർത്തുവെയ്ക്കാനാവുന്ന ചാരുതയും കരുത്തുമുള്ള സ്‌നേഹപാദുകങ്ങൾ നൽകിയ എഴുത്തുകാരനാണ് ജോൺ പോൾ. മനുഷ്യകഥാനുഗായികളും ജീവിതഗന്ധികളുമായ ഒട്ടേറെ ചലച്ചിത്രങ്ങൾ. അന്യാദൃശങ്ങളായ ചാരുതയേറുന്ന ഓർമ്മക്കുറിപ്പുകളും ചരിത്രങ്ങളുമടങ്ങുന്ന 20 ലേറെ പുസ്തകങ്ങളിലായി എഴുതപ്പെട്ട ഗദ്യസഞ്ചയം. അഭിജാതമായ സംസ്‌കൃതിയെ പേറുന്ന കലാകാരൻ. വിനായന്വിതനായ മനുഷ്യൻ. 98 ഓളം ചലച്ചിത്രങ്ങൾക്കായി തിരരൂപം രചിച്ച കഥാകാരൻ. ടെലിവിഷൻ അവതാരകൻ. മാധ്യമ പ്രവർത്തകൻ. ചലച്ചിത്ര അധ്യാപകൻ. ജാഗ്രത്തായ മനസ്സോടെ ജീവിക്കുന്ന സാംസ്‌കാരിക പ്രവർത്തകൻ. ചലച്ചിത്ര നിർമാതാവ്. ഇത്തരത്തിൽ ബഹുതകളാൽ ബഹുലമായ ജീവിതം നയിക്കുന്ന എഴുത്തുകാരനെത്തേടി ഒട്ടേറെ പുരസ്‌ക്കാരങ്ങളും എത്തിയിട്ടുണ്ട്.

അതുവരെ കണ്ടിട്ടില്ലാത്ത, പരിചയിച്ചിട്ടില്ലാത്ത ജീവിതാഖ്യാനങ്ങളാണ് ജോൺ പോളിന്റെ ചലച്ചിത്രങ്ങൾ. 1980 ൽ പുറത്തിറങ്ങിയ ചാമരം മുതൽ നീളുന്ന ചലച്ചിത്ര സഞ്ചാരങ്ങൾ. മലയാള ചലച്ചിത്രത്തിന്റെ വളർച്ചയുടെ സവിശേഷ ഘട്ടത്തിൽ അതിനൊപ്പം ഋതുപ്പകർച്ചകൾ നേടിയ ജീവിതമാകുന്നു ജോൺപോളിന്റേത്. മലയാളത്തിലെ പ്രമുഖ ചലച്ചിത്ര പ്രതിഭകൾക്കുമൊപ്പം യാത്ര ചെയ്ത് സവിശേഷമായ ആ കാലത്തെ പ്രതിഭയിലേക്ക് സന്നിവേശിപ്പിച്ച ഈ ചലച്ചിത്രകാരന്, സമകാലീക മലയാള ചലച്ചിത്രത്തിന്റെ ചരിത്രകാരനെന്ന ഖ്യാതിയും സ്വന്തം.

Read Also : ഓളങ്ങൾ, യാത്ര എന്നീ സിനിമകളുടെ നിർമ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു

എന്നാൽ ചലച്ചിത്ര മേഖലയിലെ പതിവുവഴികൾ വിട്ട് തന്റേതായ ഒന്നും ഘോഷിച്ച് നടക്കാൻ മെനക്കെടാതെ മാറിനിൽക്കാൻ ഇഷ്ടപ്പെടുന്നു ഈ വിനയാന്വിതനായ മനുഷ്യൻ. ഒരു കാലത്ത് വർഷത്തിൽ 14 തിരക്കഥകൾ വരെ രചിച്ചിട്ടുണ്ട് മലയാള സിനിമയ്ക്ക് സ്വന്തമായ രസക്കൂട്ട് രൂപപ്പെടുത്തി ഈ എഴുത്തുകാരൻ.

കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങളുടെ തിരക്കഥ ജോൺപോളിന്റേതാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.

Story Highlights: john paul passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here