അവിശ്വസനീയം! ആർസിബിയ്ക്ക് ബാറ്റിംഗ് തകർച്ച; 68 റൺസിനു പുറത്ത്

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 16.1 ഓവറിൽ 68 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. വെറും രണ്ട് താരങ്ങളാണ് ബാംഗ്ലൂർ നിരയിൽ രണ്ടക്കം കടന്നത്. 15 റൺസെടുത്ത സുയാഷ് പ്രഭുദേശായ് ആർസിബിയുടെ ടോപ്പ് സ്കോററായി. സൺറൈസേഴ്സിനായി ടി നടരാജനും മാർക്കോ ജാൻസനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിൽ തന്നെ 3 വിക്കറ്റ് നഷ്ടമായ ആർസിബി പിന്നെ തിരികെവന്നില്ല. 2017ൽ ഇതേ ദിവസമാണ് ആർസിബി ഐപിഎലിലെ ഏറ്റവും കുറഞ്ഞ സ്കോർ കുറിച്ചത്. അന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 49 റൺസിനാണ് ബാംഗ്ലൂർ ഓൾഔട്ടായത്.
രണ്ടാം ഓവറിൽ മാർക്കോ ജാൻസനാണ് ആർസിബിയെ വൻ തകർച്ചയിലേക്ക് തള്ളിവിട്ടത്. രണ്ടാം പന്തിൽ ഫാഫ് ഡുപ്ലെസിയുടെ (5) കുറ്റി തെറിപ്പിച്ച ജാൻസൻ അടുത്ത പന്തിൽ കോലിയെ (0) എയ്ഡൻ മാർക്രത്തിൻ്റെ കൈകളിലെത്തിച്ചു. ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ കഴിഞ്ഞ മത്സരത്തിലും കോലി ഗോൾഡൻ ഡക്കിനു പുറത്തായിരുന്നു. കരിയറിൽ ഇത് രണ്ടാം തവണയാണ് കോലി തുടരെ രണ്ട് മത്സരങ്ങളിൽ ഗോൾഡൻ ഡക്കായി പുറത്താവുന്നത്. അതേ ഓവറിൽ തന്നെ അനുജ് രാവത്തും (0) പുറത്തായി. അനുജിനെയും മാർക്രം തന്നെ പിടികൂടി.
പോസിറ്റീവായി ബാറ്റിംഗ് ആരംഭിച്ച ഗ്ലെൻ മാക്സ്‌വലിനെ (12) ടി നടരാജൻ്റെ പന്തിൽ കെയിൻ വില്ല്യംസൺ ഉജ്ജ്വലമായി പിടികൂടി. സുയാഷ് പ്രഭുദേശായ് (15), ദിനേഷ് കാർത്തിക് (0) എന്നിവർ ജഗദീശ സുചിത് എറിഞ്ഞ 9ആം ഓവറിൽ പവലിയനിലേക്ക് മടങ്ങി. സുയാഷിനെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയ നിക്കോളാസ് പൂരാൻ കാർത്തികിനെ കൈപ്പിടിയിലൊതുക്കി. ഷഹബാദ് അഹ്മദിനെ (7) ഉമ്രാൻ മാലിക്കിൻ്റെ പന്തിൽ പൂരാൻ പിടികൂടി. ഹർഷൽ പട്ടേലും (4) വനിന്ദു ഹസരങ്കയും (8) നടരാജൻ്റെ പന്തിൽ ക്ലീൻ ബൗൾഡായി. മുഹമ്മദ് സിറാജിനെ (2) ഭുവനേശ്വർ കുമാറിൻ്റെ പന്തിൽ കെയിൻ വില്ല്യംസൺ അത്യുജ്ജ്വലമായി കൈപ്പിടിയിലൊതുക്കി.
Story Highlights: royal challengers bangalore ipl sunrisers hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here