വയനാട് നിയമനത്തട്ടിപ്പ്: അന്വേഷണം അട്ടിമറിച്ചെന്ന് സൂചന; 12 വര്‍ഷമായിട്ടും എങ്ങുമെത്താതെ പരിശോധന

കേരളത്തെ ഞെട്ടിച്ച വയനാട് നിയമനത്തട്ടിപ്പ് നടന്ന് 12 വര്‍ഷമായിട്ടും സര്‍ക്കാര്‍തല അന്വേഷണവും പരിശോധനയും പൂര്‍ത്തിയായിട്ടില്ല. വിവിധ ജില്ലകളില്‍ 2001 മുതല്‍ 2010 വരെ നടന്ന നിയമനങ്ങളാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അനിശ്ചിതമായി അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ സര്‍വീസില്‍ നടന്നിട്ടുള്ള നിയമനങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവിറക്കിയത്. സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ച പരിശോധനയാണ് 12 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തത്. (Wayanad recruitment scam probe has been sabotaged)
2010 ഡിസംബറിലാണ് വയനാട് കളക്‌ട്രേറ്റില്‍ വ്യാജരേഖകളുപയോഗിച്ച് അഞ്ചല്‍ സ്വദേശിനി നിയമനം നേടിയത്. ഇതേ തുടര്‍ന്ന് 2001 ജനുവരി ഒന്നു മുതല്‍ 2010 ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ സര്‍വീസില്‍ നടത്തിയ നിയമനങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. 2010 ഡിസംബര്‍ 14ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന് കീഴില്‍ സ്‌പെഷ്യല്‍ സെല്‍ ഇതിനായി രൂപീകരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവായിരുന്നു ഇത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനകം സംസ്ഥാനത്ത് നടത്തിയ എല്ലാ നിയമനങ്ങളെക്കുറിച്ചും സമഗ്രമായ പരിശോധന നടത്തണമെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അന്നത്തെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി റ്റി.ജെ മാത്യു പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഓരോ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നിരുന്നത്. എന്നാല്‍ 12 വര്‍ഷമായിട്ടും സര്‍ക്കാരിന്റെ ഈ പരിശോധന പൂര്‍ത്തിയായിട്ടില്ല. സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചെങ്കിലും ഇതുകൊണ്ടും ഫലമുണ്ടായില്ല. കൊല്ലം ജില്ലയില്‍ 2001 മുതല്‍ 2010 വരെ നടത്തിയ നിയമനങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസം മാത്രമാണ്. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പരിശോധന നടത്താനാണ് നിര്‍ദ്ദേശം. ഏപ്രില്‍ 29, 30 തീയതികളിലാണ് പരിശോധന. 2010 മുതല്‍ നടക്കുന്ന പരിശോധനകള്‍ പൂര്‍ത്തിയാകുന്നതും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതും 12 വര്‍ഷമായിട്ടും അനിശ്ചിതമായി വൈകുകയാണ്.
Story Highlights: Wayanad recruitment scam probe has been sabotaged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here