അശ്ലീല പദപ്രയോഗം; എം വി ജയരാജനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി രേഷ്മ

ഹരിദാസൻ വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ചതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിനെതിരെ രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. എം വി ജയരാജനും കാരായി രാജനുമെതിരെയാണ് രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. എം വി ജയരാജൻ അശ്ലീല പദപ്രയോഗം നടത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു. സി പി ഐ എം അനുഭാവി കുടുംബമാണ് തങ്ങളുടേതെന്നും രേഷ്മ പരാതിയിൽ പറയുന്നു. ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെ ഒളിത്താവളം ഒരുക്കിയതിന് പിടിയിലായതിന് പിന്നാലെ രേഷ്മയ്ക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായത്.
സ്ത്രീ എന്ന പരിഗണന പോലും നൽകാതെ അപമാനിക്കുകയാണെന്നും കർശന നിയമ നടപടി സ്വീകരിക്കുമെന്നും രേഷ്മയുടെ അഭിഭാഷകൻ അറിയിച്ചു. സൈബർ ആക്രമണങ്ങൾ അംഗീകരിക്കില്ലെന്ന് പറഞ്ഞ എം വി ജയരാജൻ പക്ഷെ പ്രതി ഒളിവിലുള്ള വീട്ടിൽ പോയി രേഷ്മ ഭക്ഷണം വിളമ്പിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു.
ഹരിദാസ് വധക്കേസുമായി ബന്ധപ്പെട്ട് പ്രതിയെ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിയാണെന്നും ഇവർക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആരോപിച്ചിരുന്നു. പ്രതിയെ ഒളിപ്പിക്കാൻ ഒത്താശ ചെയ്തത് ബിജെപിയാണ്. രേഷ്മയെ ജയിലിൽ നിന്ന് സ്വീകരിക്കാനെത്തിയതും ബിജെപിക്കാർ തന്നെ. നിജിന്‍ ദാസ് കൊലക്കേസ് പ്രതിയാണെന്ന് രേഷ്മയ്ക്ക് നന്നായറിയാമായിരുന്നു. ഒന്നാംപ്രതി ലിജേഷ് ബി.ജെ.പി മണ്ഡലം പ്രസിഡന്റാണ്. ഇതിൽ എല്ലാവരും ബിജെപിക്കാരും അനുഭാവികളുമാണ്. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും വസ്തുതയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹരിദാസിനെ കൊലപ്പെടുത്തിയ പ്രതി നിജിൽദാസിനെ രേഷ്മ ഒളിപ്പിച്ചത് കുറ്റവാളിയെന്നറിഞ്ഞുകൊണ്ട് തന്നെയാണെന്ന് റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. നിജിൽദാസിനെ രേഷ്മ സഹായിച്ചതിന് തെളിവുണ്ടെന്നും വീട് ആവശ്യപ്പെട്ടത് പ്രതി നേരിട്ടാണെന്നും വിശദ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Read Also : കൊലക്കേസ് പ്രതിയെ ഒളിപ്പിച്ച രേഷ്മയ്ക്ക് ആർ.എസ്.എസ് ബന്ധമെന്ന് സിപിഐഎം
കേസിൽ അധ്യാപികയും പിണറായി സ്വദേശിയുമായ രേഷ്മയ്ക്ക് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നിജിന്‍ ദാസിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച കേസിൽ ഇന്നലെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. രേഷ്മയുടെ പിണറായിലെ വീട്ടിലായിരുന്നു പ്രതി ഒളിച്ച് താമസിച്ചത്.
Story Highlights: Reshma files complaint against MV Jayarajan

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here