പെണ്‍കുട്ടികളെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവം; പെണ്‍കുട്ടികളുടെ മൊഴി വീണ്ടും എടുത്തു

മലപ്പുറം പാണമ്പ്രയില്‍ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യംചെയ്തതിന് പെണ്‍കുട്ടികളെ നടുറോഡില്‍ വെച്ച് യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് പെണ്‍കുട്ടികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് സഹോദരിമാരുടെ മൊഴിയെടുത്തത്. പൊലീസ് പ്രതിക്ക് അനുകൂല നിലപാടെടുത്തെന്നും അഞ്ചിലേറെ തവണ മുഖത്തടിച്ച സ്ഥിതിയുണ്ടായിട്ടും തങ്ങളുടെ മൊഴി കൃത്യമായി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയാറായില്ലെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചിരുന്നു. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് പൊലീസ് വീണ്ടും പെണ്‍കുട്ടികളുടെ മൊഴിയെടുക്കാന്‍ തയാറായത്.
അതേസമയം പെണ്‍കുട്ടികള്‍ ഇന്ന് വനിതാ കമ്മീഷനും പരാതി നല്‍കി. മൊഴിപ്രകാരമുള്ള വകുപ്പുകളില്‍ പ്രതിക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തേഞ്ഞിപ്പലം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയില്‍ സഹോദരിമാരായ അസ്‌നയും ഹംനയും എസ്പി അടക്കമുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇന്ന് പരാതി നല്‍കും. നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് പെണ്‍കുട്ടികളുടെ തീരുമാനം. ഇതിനിടെ മോട്ടോര്‍ വാഹന വകുപ്പും സംഭവത്തില്‍ അന്വേഷണം തുടങ്ങി. പ്രതി ഇബ്രാഹം ഷെബീറിന്റെ വാഹനത്തിന്റെ അമിത വേഗത, നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ടുള്ള അതിക്രമം, റോങ്ങ് സൈഡ് വാഹനം ഓടിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒക്ക് ജില്ലാ ആര്‍ടിഒ നിര്‍ദേശം നല്‍കി.
Story Highlights: Incident of beating of girls in Nadu road; The girls’ statement was taken again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here