Advertisement

പ്രഥമ കേരള ഗെയിംസ്: കായിക മാമാങ്കത്തിന് തിരിതെളിയാന്‍ നാല് നാളുകള്‍

April 25, 2022
Google News 1 minute Read

കേരളം കാത്തിരുന്ന കായിക മാമാങ്കത്തിന് തിരിതെളിയാന്‍ ഇനി നാല് നാളുകള്‍. പ്രഥമ കേരള ഗെയിംസിന്റെ ഉദ്ഘാടനം ഏപ്രില്‍ 30ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിക്കുന്നതോടെ പത്ത് നാള്‍ നീണ്ടു നില്‍ക്കുന്ന കായികാഘോഷരാവുകള്‍ക്ക് തുടക്കമാകും. കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരളഗെയിംസിനോടനുബന്ധിച്ച് കായിക മത്സരങ്ങള്‍ക്കു പുറമെ എക്‌സ്‌പോ, മാരത്തോണ്‍, ഫോട്ടോ എക്‌സിബിഷന്‍, ഫോട്ടോ വണ്ടി എന്നിവ സംഘടിപ്പിക്കും. ഗെയിംസിന്റെ പ്രധാന വേദികളുള്ള തലസ്ഥാന നഗരി അക്ഷരാര്‍ത്ഥത്തില്‍, ഏപ്രില്‍ 29 മുതല്‍ മെയ് പത്തു വരെയുള്ള പന്ത്രണ്ട് ദിനങ്ങള്‍ അഘോഷങ്ങളുടെ പകലിരവുകളായി മാറും.

24 മത്സരയിനങ്ങളാണ് പ്രഥമ കേരള ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, പിരപ്പന്‍കോട് സ്വിമ്മിങ് പൂള്‍, സെന്‍ട്രല്‍ സ്റ്റേഡിയം, തൈയ്ക്കാട് പോലീസ് ഗ്രൗണ്ട്, ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്, ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്, വൈ.എം.സി.എ., ഐ.ആര്‍.സി. ഇന്‍ഡോര്‍ സ്റ്റേഡിയം ശംഖുമുഖം, കൊല്ലം ഹോക്കി സ്റ്റേഡിയം, മഹാരാജാസ് കോളേജ് ഗ്രൗണ്ട്, വടകര എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 7000 മത്സരാര്‍ത്ഥികളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്.

ഉദ്ഘാടന ചടങ്ങ് ഏപ്രില്‍ 30 ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. സംസ്ഥാന കായിക മന്ത്രി വി. അബ്ദു റഹ്‌മാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ.എം ബാലഗോപാല്‍, വി ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികളും ഭാഗമാകും.

ടോക്കിയോ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി മീരാഭായ് ചാനു, ബജ്റംഗ് പൂനിയ, ലോവ്ലിന ബൊര്‍ഗോഹൈന്‍, പി.ആര്‍. ശ്രീജേഷ് എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും പ്രശസ്തി പത്രവും ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പ്രശസ്തി പത്രവും ഉദ്ഘാടന ചടങ്ങില്‍ നല്‍കും. ഇതിനുപുറമെ, പ്രശസ്ത ഇന്ത്യന്‍ ബോക്സര്‍ ശ്രീമതി മേരി കോമിനെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കും.

കേരള ഗെയിംസിന്റെയും എക്സ്പോയുടെയും സമാപന ചടങ്ങ് മെയ് 10 ന് വൈകുന്നേരം 6.00 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ശശി തരൂര്‍ എം.പി. മറ്റു ജനപ്രതിനിധികളുള്‍പ്പടെ ചടങ്ങില്‍ പങ്കെടുക്കും.

മത്സരങ്ങള്‍

അത്‌ലറ്റിക്‌സ്, അക്വാറ്റിക്‌സ്, ആര്‍ച്ചറി, ബാസ്‌കറ്റ്‌ബോള്‍, ബോക്‌സിങ്, സൈക്ലിങ്,ഫുട്‌ബോള്‍, ജൂഡോ, നെറ്റ്‌ബോള്‍, തയ്ക്വാന്‍ഡോ, വോളിബോള്‍, ഗുസ്തി, ബാഡ്മിന്റന്‍, ഹാന്‍ഡ് ബോള്‍, ഖോ ഖോ , കരാട്ടെ, ടേബിള്‍ ടെന്നിസ്, ഹോക്കി, കബഡി, റഗ്ബി, റൈഫിള്‍, വുഷു, ടെന്നിസ്, വെയ്റ്റ് ലിഫ്റ്റിങ് എന്നിങ്ങനെ 24 കായിക ഇനങ്ങളിലാണു മത്സരം. ഇതില്‍ 22 ഇനങ്ങള്‍ തിരുവനന്തപുരത്ത് നടക്കും. വോളിബോള്‍ മത്സരങ്ങള്‍ കോഴിക്കോടും, ഹോക്കി, കബഡി മത്സരങ്ങള്‍ കൊല്ലത്തും, ഫുട്‌ബോള്‍ മത്സരങ്ങള്‍ കൊച്ചിയിലും നടക്കും.

Story Highlights: the first kerala games

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here