നഴ്സിന്റെ കയ്യിൽ നിന്ന് വീണ് നവജാത ശിശു മരിച്ചു

നഴ്സിൻ്റെ കയ്യിൽ നിന്ന് വീണ് നവജാത ശിശു മരിച്ചു. ഉത്തർ പ്രദേശിലാണ് സംഭവം. പ്രസവത്തിനു ശേഷം തോർത്തിൽ പൊതിയാതെ അലക്ഷ്യമായി എടുത്തപ്പോൾ കുഞ്ഞ് താഴെ വീഴുകയായിരുന്നു. പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ വാദിച്ചെങ്കിലും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ഈ വാദം പൊളിയുകയായിരുന്നു.
ലക്നൗവിലെ ചിൻഹടിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ഹൃദയഭേദകമായ അപകടം നടന്നത്. പ്രസവ മുറിയിൽ നിന്ന് അമ്മയുടെ കരച്ചിൽ കേട്ട വീട്ടുകാർ കരഞ്ഞുകൊണ്ട് അവിടേക്ക് ഓടിക്കയറി. ആശുപത്രി അധികൃതർ അവരെ തടയാൻ ശ്രമിച്ചെങ്കിലും യുവതിയുടെ ബന്ധുക്കൾ അകത്തെത്തി. ജനിച്ചപ്പോൾ കുഞ്ഞ് ആരോഗ്യവാനായിരുന്നു എന്ന് അമ്മ അവരോട് പറഞ്ഞു. അവിടെയുണ്ടായിരുന്ന നഴ്സ് ഒരു കൈകൊണ്ട് കുഞ്ഞിനെ എടുത്തപ്പോഴാണ് വീണതെന്നും കുഞ്ഞിൻ്റെ അമ്മ പറഞ്ഞു. എന്നാൽ, ജനിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ അവകാശപ്പെട്ടു. തുടർന്ന് കുടുംബം പൊലീസിൽ പരാതിപ്പെട്ടു. അന്വേഷണത്തിൽ പൊലീസ് കുഞ്ഞിൻ്റെ ശരീരം പോസ്റ്റ്മാർട്ടത്തിനയച്ചു. പോസ്റ്റ്മാർട്ടത്തിൽ കുഞ്ഞിൻ്റെ തലയിൽ പരുക്കുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് കേസെടുത്തു.
Story Highlights: baby death fell nurse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here