സില്‍വര്‍ ലൈന്‍ സംവാദം; പാനലില്‍ പുതിയ ആളുകള്‍ ഉണ്ടാകില്ലെന്ന് തീരുമാനം

സില്‍വര്‍ ലൈന്‍ സംവാദത്തിലെ അനിശ്ചിതത്വത്തിനിടയില്‍ ചീഫ് സെക്രട്ടറി വിളിച്ച അടിയന്തര യോഗം അവസാനിച്ചു. പാനലില്‍ പുതിയ ആളുകള്‍ ഉണ്ടാകില്ലെന്നതാണ് നിലവിലെ തീരുമാനം. ഇപ്പോള്‍ പാനലില്‍ അടങ്ങിയിട്ടുള്ളവരെ പങ്കെടുപ്പിച്ച സംവാദം നടത്തും. ടി പി ശ്രീനിവാസനെയും സാങ്കേതിക വിദഗ്ധനേയും പാനലില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
സില്‍വര്‍ലൈന്‍ സംവാദത്തില്‍ നിന്ന് അലോക് വര്‍മയും ആര്‍ ശ്രീധറും പിന്‍മാറിയതോടെയാണ് സംവാദം അനിശ്ചിതത്വത്തിലായത്. സില്‍വര്‍ലൈനെ എതിര്‍ക്കുന്ന രണ്ട് പേരാണ് നിലവില്‍ സംവാദത്തില്‍ നിന്ന് പിന്മാറിയിരിക്കുന്നത്. സംവാദത്തില്‍ വ്യക്തത വേണമെന്ന ആവശ്യത്തില്‍ മറുപടി ലഭിക്കാതിരുന്നതോടെയാണ് അലോക് വര്‍മ പിന്‍മാറിയത്. സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് കാണിച്ച് അലോക് വര്‍മ ചീഫ് സെക്രട്ടറിക്ക് മെയില്‍ അയച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണനും പങ്കെടുക്കുന്നില്ല. ഇക്കാര്യം ശ്രീധര്‍ കെറെയിലിനെ അറിയിച്ചു.ഇന്നലെ ജോസഫ് സി മാത്യുവിനെ ഒഴിവാക്കി സര്‍ക്കാര്‍ അന്തിമ പാനല്‍ പുറത്തിറക്കിയിരുന്നു.
സംവാദം പ്രഹസനമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്ന് രംഗത്തെത്തി. ജോസഫ് സി മാത്യുവിനെ സര്‍ക്കാരിന് ഭയമാണ്. കെ റെയില്‍ എംഡി ചീഫ് സെക്രട്ടറിയെക്കാള്‍ മുകളിലുള്ള ആളാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കെ റെയിലിന് എതിരായി കേരളത്തിലുടനീളം നടക്കുന്ന പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും വി ഡി സതീശന്‍ പറഞ്ഞു.
Read Also : സംവാദത്തിൽ നിന്ന് പിന്മാറാൻ കാരണം ചീഫ് സെക്രട്ടറിക്ക് അയച്ച ഇ-മെയിലിന് മറുപടി ലഭിക്കാത്തതിനാൽ : അലോക് വർമ
സില്‍വര്‍ ലൈന്‍ സംവാദം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ആരോപിച്ചു. ആര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഈ സംവാദം സംഘടിപ്പിക്കുന്നത്. കെറെയിലിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വലിയ ഒരു സമൂഹമുണ്ട്. അവരുമായി സംവദിക്കാനുള്ള നട്ടെല്ലും ആര്‍ജ്ജവവുമാണ് ആദ്യം കാട്ടേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.
Story Highlights: no new panelists in silver line debate

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here