ഇന്ധന നികുതി: ലാഭമുണ്ടാക്കുന്നത് കേന്ദ്രം; കണക്കുകള്‍ നിരത്തി പ്രധാനമന്ത്രിക്ക് മറുപടിയുമായി തമിഴ്‌നാട്

ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് സര്‍ക്കാര്‍. നികുതി വര്‍ധനവ് മൂലം വമ്പിച്ച വരുമാനമുണ്ടാക്കിയത് കേന്ദ്രമാണെന്നും ഇതിന് ആനുപാതികമായി സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വര്‍ധനയുണ്ടായിട്ടില്ലെന്നും തമിഴ്‌നാട് ധനകാര്യ മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുമായി പങ്കിടാവുന്ന അടിസ്ഥാന എക്‌സൈസ് തീരുവ കുറയ്ക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും സെസും സര്‍ചാര്‍ജും വര്‍ദ്ധിപ്പിച്ചതിനാലാണ് ഇത് സംഭവിക്കുന്നതെന്നും പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. (Centre’s taxes on fuel prices continue to be exorbitant: Tamil Nadu)
2014 ഓഗസ്റ്റില്‍ പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് 48.55 രൂപയായിരുന്നപ്പോള്‍ ഡീസലിന് 47.27 രൂപയായിരുന്നു. പെട്രോളിന് ലിറ്ററിന് 9.48 രൂപയും ഡീസലിന് 3.57 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ നികുതി. പെട്രോള്‍ ലിറ്ററിന് 15.67 രൂപയും ഡീസലിന് 10.25 രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ നികുതി. 2021 നവംബറില്‍ കേന്ദ്രം നികുതി കുറച്ചെങ്കിലും സെസും സര്‍ചാര്‍ജും മാറ്റമില്ലാതെ തുടരുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും പെട്രോളിന് ലിറ്ററിന് 18.42 രൂപയും ഡീസലിന് 18.23 രൂപയും അധിക നികുതി ചുമത്തുന്നുവെന്നാണ് പളനിവേല്‍ ത്യാഗരാജന്‍ ആരോപിക്കുന്നത്.
സര്‍ചാര്‍ജും ലെവിയും കുറയ്ക്കണമെന്നും അവയെ മറ്റ് ചാര്‍ജുകളിലേക്ക് ലയിപ്പിക്കണമെന്നും തങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുകയാണെന്ന് പളനിവേല്‍ ത്യാഗരാജന്‍ ചൂണ്ടിക്കാട്ടി. സര്‍ചാര്‍ജും ലെവിയും ഭീമമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ തങ്ങള്‍ 2021ഓഗസ്റ്റില്‍ മൂല്യവര്‍ധിത നികുതി വെട്ടിക്കുറച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇതിലൂടെ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപയോളം കുറവുണ്ടായെന്നും പളനിവേല്‍ ത്യാഗരാജന്‍ വ്യക്തമാക്കി.
Story Highlights: Centre’s taxes on fuel prices continue to be exorbitant: Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here