Advertisement

ദക്ഷിണാഫ്രിക്കക്കെതിരെ കോലിക്ക് വിശ്രമം നൽകില്ല; കാർത്തിക് മടങ്ങി എത്തിയേക്കും

April 28, 2022
Google News 2 minutes Read

ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ദീർഘകാലമായി മോശം ഫോമിൽ തുടരുന്ന കോലി അടക്കം പല മുതിർന്ന താരങ്ങൾക്കും പരമ്പരയിൽ വിശ്രമം അനുവദിക്കുമെന്നായിരുന്നു സൂചന. എന്നാൽ, ടി-20 ലോകകപ്പിനു മുൻപ് ഫോമിലേക്കെത്താനുള്ള അവസരമാണ് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര എന്ന് ബിസിസിഐ കണക്കുകൂട്ടുന്നു.

അതേസമയം, വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് 2019നു ശേഷം ദേശീയ ടീമിലേക്ക് മടങ്ങി എത്തിയേക്കും. ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി നടത്തുന്ന തകർപ്പൻ പ്രകടനങ്ങളാണ് കാർത്തികിൻ്റെ തിരിച്ചുവരവിനുള്ള സാധ്യതയൊരുക്കുന്നത്. ഫിനിഷർ റോളിൽ കാർത്തികിനെ ഉപയോഗിക്കാനാവുമെന്ന് ബിസിസിഐ കണക്കുകൂട്ടുന്നു. പ്രസിദ്ധ് കൃഷ്ണ, ഉമ്രാൻ മാലിക്ക് എന്നിവർക്കും ടീമിൽ സാധ്യത കല്പിക്കപ്പെടുന്നുണ്ട്. ഓസീസ് പിച്ചുകളിൽ പ്രസിദ്ധ് അപകടകാരിയാവുമെന്നാണ് നിരീക്ഷണം. ഉമ്രാൻ ആവട്ടെ, അതിവേഗത കൊണ്ട് ഐപിഎലിൽ അസാമാന്യ പ്രകടനങ്ങളാണ് നടത്തുന്നത്.

ഏറെക്കാലമായി ടീമിനു പുറത്തുള്ള ഹാർദ്ദിക് പാണ്ഡ്യ, മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ തുടങ്ങിയവർക്കും സാധ്യത കല്പിക്കപ്പെടുന്നുണ്ട്.

ജൂൺ 9 മുതൽ 19 വരെയാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര. ഇന്ത്യൻ പ്രീമിയർ ലീഗിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ രാജ്യാന്തര പരമ്പരയാണ് ഇത്. ആദ്യ ടി-20 ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നടക്കുക. യഥാക്രമം കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവിടങ്ങളിൽ ജൂൺ 9, 12, 14, 17, 19 തീയതികളിലാണ് ബാക്കി മത്സരങ്ങൾ.

ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യ യുകെയിലേക്ക് പറക്കും. യുകെയിൽ അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ ഇന്ത്യക്ക് മത്സരങ്ങളുണ്ട്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, കെഎൽ രാഹുൽ തുടങ്ങിയ താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കുമെന്നാണ് സൂചന.

Story Highlights: south africa virat kohli no rest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here