അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനകണ്ണി പിടിയിൽ

അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനകണ്ണിയായ യുവാവ് എട്ടു ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി പൊലീസിന്റെ പിടിയിലായി. കാസർകോട് ചെങ്കള സ്വദേശി ഫവാസാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 130 ഗ്രാം എംഡിഎംഎ ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു.
കാസർകോട് നഗര പ്രദേശത്ത് നിന്ന് മാത്രം ഒരാഴ്ച്ചയ്ക്കിടെ ആറു പേരെയാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പൊലീസ് പിടികൂടിയത്. അന്തർ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഫവാസെന്ന് പൊലീസ് പറഞ്ഞു. കാസർകോട് എംഡിഎംഎയുടെ കടത്ത് വ്യാപകമായി നടക്കുന്നുണ്ടെന്നാണ് പൊലീസ് നിഗമനം.
ഡൽഹിയിൽ നിന്നെത്തിക്കുന്ന മാരക മയക്കുമരുന്നാണ് ഇയാൾ കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിപണിയിൽ ഏകദേശം എട്ട് ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പ്രതിയിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ലഹരിക്കടത്ത് സംഘത്തിലെ കൂടുതൽ പേരുടെ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.
Story Highlights: Defendant arrested with MDMA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here