Advertisement

ശ്രീനിവാസന്റെ കൊലപാതകം; ഇന്ന് പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തും

April 29, 2022
Google News 2 minutes Read
sreenivasan

പാലക്കാട് മേലാമുറിയിലെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിൽ ഇന്ന് കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിനിടെ പ്രതികള്‍ക്ക് നേരെ യുവമോര്‍ച്ചാ പ്രതിഷേധമുണ്ടായിരുന്നു. ശ്രീനിവാസന്റെ കടയില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. തുടര്‍ന്ന് വേഗത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ് മടങ്ങുകയാണ് ചെയ്തത്.

Read Also : ശ്രീനിവാസന്റെ കൊലപാതകം : ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

അറസ്റ്റിലായ അബ്ദുറഹ്മാന്‍, ഫിറോസ് എന്നിവരുമായുളള തെളിവെടുപ്പിനിടെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധം ശക്തിപ്പെടുമെന്ന് തിരിച്ചറിഞ്ഞതോടെ മൂന്ന് മിനിറ്റില്‍ പൊലീസ് തെളിവെടുപ്പ് അവസാനിപ്പിച്ചു. പ്രതികള്‍ ആയുധമൊളിപ്പിച്ച കല്ലേക്കോട് അഞ്ചാം മൈലിലേക്കാണ് പ്രതികളെ തെളിവെടുപ്പിനായി ആദ്യം എത്തിച്ചത്. ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച കൃത്യത്തിനുപയോഗിച്ച കൊടുവാള്‍ പ്രതി അബ്ദുറഹ്മാന്‍ പൊലീസിന് കാണിച്ചുകൊടുത്തു. രക്തം പുരണ്ട നിലയിലായിരുന്നു കണ്ടെടുത്ത കൊടുവാള്‍. കൃത്യം നടത്താന്‍ സംഘം പുതുതായി വാങ്ങിയതാണ് ഇതെന്നാണ് അന്വേഷണസംഘം കരുതുന്നത്.

തുടര്‍ന്ന് മംഗലാംകുന്നും പ്രതികളെ തെളിവെടുപ്പിനെത്തിച്ചു. കൊലപാതക സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങള്‍ ഇവിടെ നിന്ന് കണ്ടെത്തി. റോഡരുകിലെ കുഴിയിലാണ് ഇവ ഉപേക്ഷിച്ചിരുന്നത്. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്താന്‍ കടക്കകത്ത് കയറിയ മൂന്നംഗ സംഘത്തിലുണ്ടായിരുന്നയാളാണ് അബ്ദുറഹ്മാന്‍. ബൈക്കുകളില്‍ പുറത്ത് കാത്തിരുന്നവരുടെ സംഘത്തിലാണ് ഫിറോസ് ഉണ്ടായിരുന്നത്. കേസില്‍ ഇതുവരെ 13 പേരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മുഖ്യ സൂത്രധാരന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇയാളെക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

Story Highlights: Srinivasan’s murder; Evidence will be taken today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here