ഏറ്റവും അധികം തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച രാജ്യം; തുടർച്ചയായ നാലാം വർഷവും ഇന്ത്യ മുന്നിൽ….

പേരിൽ മാത്രം ഒതുങ്ങിയോ ഡിജിറ്റൽ ഇന്ത്യ എന്ന ചോദ്യം ഉയരുകയാണ്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിലാണ്. ഇത് തുടർച്ചയായി നാലാമത്തെ വർഷമാണ് ഇന്ത്യ ഇന്റർനെറ്റ് ഷട്ട്ഡൗൺ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ മുന്നിലെത്തുന്നത്. 2021 ൽ മാത്രം ഏകദേശം 106 തവണയാണ് ഇന്ത്യയിൽ ഇന്റർനെറ്റ് കണക്ടിവിറ്റി തടസപ്പെടുത്തിയത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണ്. 2021ൽ രാജ്യാന്തര തലത്തിൽ 34 രാജ്യങ്ങളിലായി 182 ഇന്റർനെറ്റ് ഷട്ട്ഡൗൺ ഉണ്ടായി. ഡിജിറ്റൽ റൈറ്റ്സ് അഡ്വക്കസി ഗ്രൂപ്പായ ആക്‌സസ് നൗ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
2020 ൽ 29 രാജ്യങ്ങളിലായി159 ഷട്ട്ഡൗൺ റിപ്പോർട്ട് ചെയ്തിരുന്നു. 2020 മുതൽ 2021 വരെ ആഗോളതലത്തിൽ 23 ഷട്ട്ഡൗണുകളുടെ വർധനവാണ് പുതിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2020 ൽ ഇന്ത്യ 109 ഇന്റർനെറ്റ് ഷട്ട്ഡൗൺ ആണ് ഏർപ്പെടുത്തിയത്. മാത്രവുമല്ല, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് ഷട്ട്ഡൗണും ഇന്ത്യയിലാണ് റിപ്പോർട്ടു ചെയ്‌തിരിക്കുന്നത്. ആർട്ടിക്കിൾ 370 ന്റെ പേരിൽ 2019 ഓഗസ്റ്റ് 4 നും 2020 മാർച്ച് 4 നും ഇടയിൽ 223 ദിവസത്തേക്ക് ജമ്മു കശ്മീരിൽ ഇന്റർനെറ്റ് നിരോധിച്ചു. ലോകത്തെ മറ്റേതൊരു ജനാധിപത്യ രാജ്യത്തേക്കാളും കൂടുതൽ തവണ ഇന്ത്യ ഇന്റർനെറ്റ് അടച്ചുപൂട്ടിയിട്ടുണ്ടെന്നാണ് ഫോബ്‌സ് റിപ്പോർട്ട് ചെയ്തത്.
2021 ലെ കണക്കുപ്രകാരം ഇന്ത്യയ്ക്ക് ശേഷം ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് ഷട്ട്ഡൗൺ ചെയ്തത് മ്യാന്മറിലാണ്. 15 തവണയാണ് ഇന്റെനെറ്റ് കണക്ഷൻ വിച്ഛേദിച്ചത്. സുഡാനും ഇറാനും അഞ്ച് തവണ ഇന്റർനെറ്റ് ഷട്ട്ഡൗൺ ചെയ്തു. 2021-ൽ 34 രാജ്യങ്ങളിലായി 182 തവണയെങ്കിലും അധികാരികൾ ബോധപൂർവം ഇന്റർനെറ്റ് നിശ്ചലമാക്കിയിടുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പല കാരണങ്ങളാണ് ഇതിന് പിന്നിൽ ഉള്ളത്. ചിലത് പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിനാണെങ്കിൽ മറ്റു ചിലത് ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനാണ്. ഇങ്ങനെ നിരവധി കാരണങ്ങൾ ഇന്റർനെറ്റ് കണക്റ്റിവിറ്റി നിയന്ത്രിച്ചതിന് പിന്നിലുണ്ട്.
ഇന്ത്യയിൽ ആകെ 106 തവണ ഇന്റർനെറ്റ് കണക്ടിവിറ്റി വിച്ഛേദിച്ചെങ്കിൽ അത് 85 എണ്ണവും ജമ്മു കാശ്മീരിലാണ്. അഫ്ഗാനിസ്ഥാൻ, ഇന്തൊനീഷ്യ, മ്യാൻമാർ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ചൈന, ഇന്ത്യ എന്നീ ഏഴ് രാജ്യങ്ങൾ ഉൾപ്പെടുന്ന ഏഷ്യ-പസിഫിക് മേഖലയിലാണ് മിക്ക ഇന്റർനെറ്റ് ഷട്ട്ഡൗണുകളും സംഭവിച്ചത്. ഈ ഇന്റർനെറ്റ് വിച്ഛേദനം കാരണം ഇന്ത്യയ്ക്ക് നഷ്ടപെട്ടത് ഏകദേശം 280 കോടി ഡോളർ അഥവാ ഏകദേശം 21426.52 കോടി രൂപ ആണ്.
Story Highlights: India Enforced Most Internet Shutdowns In 2021, Fourth Year In A Row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here