രാജസ്ഥാൻ റോയൽസിന്റെ ഇന്നത്തെ മത്സരം ഷെയിൻ വോണിനുള്ള സമർപ്പണം; അണിയുക പ്രത്യേക ജഴ്സി

രാജസ്ഥാൻ റോയൽസിൻ്റെ ഇന്നത്തെ മത്സരം മുൻ ക്യാപ്റ്റൻ ഷെയിൻ വോണിനുള്ള സമർപ്പണം. ഷെയിൻ വോണിനോടുള്ള ആദരസൂചകമായി പ്രത്യേക ജഴ്സി അണിഞ്ഞാണ് റോയൽസ് ഇന്ന് കളത്തിലിറങ്ങുക. രാത്രി 7.30ന് മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസാണ് രാജസ്ഥാൻ്റെ എതിരാളികൾ.
ഷർട്ട് കോളറിൽ ‘എസ്ഡബ്ല്യു23’ എന്നെഴുതിയ ജഴ്സി അണിഞ്ഞാണ് ഇന്ന് റോയൽസ് കളിക്കുക. ഷെയിൻ വോണിൻ്റെ ജഴ്സി നമ്പരായിരുന്നു 23. പ്രത്യേക ജഴ്സി അണിഞ്ഞ് കളിക്കാനിറങ്ങുമെന്ന് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ റോയൽസ് അറിയിച്ചു. ഷെയിൻ വോണിൻ്റെ സഹോദരൻ ജേസൺ റോയൽസിൻ്റെ പ്രത്യേക ക്ഷണ പ്രകാരം ഇന്ന് കളി കാണാൻ സ്റ്റേഡിയത്തിലെത്തും.
2008ൽ നടന്ന ആദ്യ ഐപിഎലിൽ ഷെയിൻ വോൺ നയിച്ച രാജസ്ഥാൻ റോയൽസ് കിരീടം ചൂടിയിരുന്നു. ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ വീഴ്ത്തി ജേതാക്കളായ രാജസ്ഥാൻ പിന്നീട് ഇതുവരെ കപ്പടിച്ചിട്ടില്ല. കഴിഞ്ഞ മാസം നാലിന് ഹൃദയാഘാതത്തെ തുടർന്ന് വോൺ മരണപ്പെടുകയായിരുന്നു.
Story Highlights: rajasthan royals shane warne tribute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here