തകർത്ത് രാഹുലും ഹൂഡയും; ലക്നൗവിന് മികച്ച സ്കോർ

ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്നൗ സൂപ്പർ ജയൻ്റ്സിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 195 റൺസെടുത്തു. 77 റൺസെടുത്ത ലോകേഷ് രാഹുലാണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. ദീപക് ഹൂഡയും (52) ലക്നൗവിനായി തിളങ്ങി. ഡൽഹിക്കായി ശാർദ്ദുൽ താക്കൂർ 3 വിക്കറ്റ് വീഴ്ത്തി.
മികച്ച രീതിയിലാണ് ലക്നൗ ആരംഭിച്ചത്. രാഹുലും ഡികോക്കും അനായാസം ബൗണ്ടറി കണ്ടെത്തിയതോടെ സ്കോർ കുതിച്ചു. 42 റൺസാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. അഞ്ചാം ഓവറിൽ ഡികോക്കിനെ (23) ലളിത് യാദവിൻ്റെ കൈകളിലെത്തിച്ച ശാർദ്ദുൽ താക്കൂർ ഡൽഹിക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി.
മൂന്നാം നമ്പറിലെത്തിയ ദീപക് ഹൂഡയും മികച്ച ഫോമിലായിരുന്നു. ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാൻ ഋഷഭ് പന്തിനു സാധിച്ചില്ല. 35 പന്തുകളിൽ രാഹുലും 32 പന്തുകളിൽ ഹൂഡയും ഫിഫ്റ്റി തികച്ചു. 95 റൺസിൻ്റെ നിർണായക കൂട്ടുകെട്ടാണ് ഈ സഖ്യം പടുത്തുയർത്തിയത്. ഈ കൂട്ടുകെട്ട് പൊളിക്കാനും ശാർദ്ദുൽ വേണ്ടിവന്നു. 34 പന്തുകളിൽ 6 ബൗണ്ടറിയും ഒരു സിക്സറും സഹിതം 52 റൺസെടുത്ത ഹൂഡയെ ശാർദ്ദുൽ സ്വന്തം ബൗളിംഗിൽ പിടികൂടി.
നാലാം നമ്പറിലെത്തിയ മാർക്കസ് സ്റ്റോയിനിസിനെ ഒരു വശത്ത് നിർത്തി കത്തിക്കയറിയ രാഹുലിനെയും ശാർദ്ദുൽ ആണ് മടക്കിയത്. 51 പന്തുകളിൽ 4 ബൗണ്ടറിയും അഞ്ച് സിക്സറും സഹിതം 77 റൺസെടുത്ത രാഹുലിനെ ലളിത് യാദവ് പിടികൂടി. മാർക്കസ് സ്റ്റോയിനിസ് (17), കൃണാൽ പാണ്ഡ്യ (9) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights: lucknow super giants innings ipl 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here