നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സംഭവം ഉത്തർ പ്രദേശിലെ ഉന്നാവിൽ

ഉത്തർപ്രദേശിലെ ഉന്നാവിൽ പതിനെട്ടുവയസുകാരിയായ നഴ്സിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി ആശുപത്രിയിലെ ഒരു ഭാഗത്ത് കെട്ടിത്തൂക്കി. സംഭവത്തിൽ ആശുപത്രി ഉടമ ഉൾപ്പെടെ 4 പേർക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ബംഗർമൗ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഗജനാഥ് ശുക്ല പറഞ്ഞു. ന്യൂ ജീവൻ ആശുപത്രിയിൽ ഇന്നലെ രാവിലെയാണ് യുവതിയുടെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും ഇരയുടെ അമ്മ എഫ്‌ഐആറിൽ ആശുപത്രി ഉടമ ഉൾപ്പെടെ നാല് പേരുകളാണ് പറഞ്ഞിരിക്കുന്നതെന്നും ശുക്ല പറഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിയോടെ ചില സന്ദർശകരാണ് ആശുപത്രിയുടെ പുറംഭിത്തിയിൽ കയറിൽ തൂങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ മേൽക്കൂരയിലെ തൂണിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന ഇരുമ്പ് കമ്പിയിൽ കയർ കെട്ടിയ നിലയിലായിരുന്നു.
മരിച്ച പെൺകുട്ടി ഏപ്രിൽ 29ന് നൈറ്റ്ഡ്യൂട്ടിക്കായി ആശുപത്രിയിൽ പ്രവേശിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സമീപത്ത് വാടകയ്ക്ക് ഒരു മുറിയിലായിരുന്നു നഴ്സ് താമസിച്ചിരുന്നത്. പകൽ സമയത്ത് ആശുപത്രിയിൽ രോഗികൾ ഇല്ലാതിരുന്നതിനാൽ മകൾ മുറിയിലേക്ക് മടങ്ങിയിരുന്നുവെന്നും ആശുപത്രി ഉടമ രാത്രി 10 മണിയോടെ അവളെ ഫോൺ വിളിച്ച് നൈറ്റ്ഷിഫ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ മുഖത്ത് മാസ്‌ക് ഉണ്ടായിരുന്നുവെന്നും കൈയിൽ തുണി മുറുകെ പിടിച്ചിരുന്നുവെന്നും അഡിഷണൽ പൊലീസ് സൂപ്രണ്ട് ശശി ശേഖർ സിംഗ് പറഞ്ഞു.
Story Highlights: Nurse gang-raped and killed in Uttar Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here