പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തു

വിദ്വേഷ പരാമര്‍ശം നടത്തിയതില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇന്ന് വെളുപ്പിനെ കസ്റ്റഡിയിലെടുത്ത പി സി ജോര്‍ജിനെ തിരുവനന്തപുരം എ ആര്‍ ക്യാമ്പില്‍ എത്തിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
ഇന്ന് വെളുപ്പിന് അഞ്ച് മണിക്ക് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ജോര്‍ജിനെ ഉടന്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു. സ്വന്തം വാഹനത്തിലാണ് പി സി ജോര്‍ജിനെ എ ആര്‍ ക്യാമ്പിലെത്തിച്ചത്. പി സി ജോര്‍ജിന്റെ വാഹനം ഡിവൈഎഫ്‌ഐ തടയുകയും ചീമുട്ടയെറിയുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കമുള്ള ബിജെപി നേതാക്കളും പ്രവര്‍ത്തകരും പി സി ജോര്‍ജിന് പിന്തുണ അറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് പിസി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്ലീങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും പിസി ജോര്‍ജ് ഇന്നലത്തെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.
Story Highlights: pc george arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here