പൊലീസ് റെയ്ഡിന് പിന്നാലെ ഗുണ്ടാത്തലവന്റെ മകള്‍ മരിച്ചു; മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് ആരോപണം

പൊലീസ് റെയ്ഡിന് പിന്നാലെ ഗുണ്ടാത്തലവന്റെ മകള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം. ഉത്തര്‍പ്രദേശിലെ മന്‍രാജ്പുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗുണ്ടാത്തലവന്‍ കനയ്യ യാദവിന്റെ 24 വയസുള്ള മകളോട് പൊലീസ് സമാനതകളില്ലാത്ത ക്രൂരത കാട്ടിയെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് എസ്എച്ച്ഒ ഉദയ് പ്രതാപ് സിംഗിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. (History-sheeter’s daughter died after police raid)
യുവതിയെ മര്‍ദിച്ചിട്ടില്ലെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ വാദിച്ചിരുന്നത്. മറ്റ് കാരണങ്ങള്‍ കൊണ്ട് യുവതി ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ യുവതിയുടെ നാട്ടുകാരും ബന്ധുക്കളും പൊലീസിനെതിരെ നടപടിയാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ആരംഭിച്ച പശ്ചാത്തലത്തിലാണ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്.
പുരുഷ,വനിതാ പൊലീസുകാര്‍ ചേര്‍ന്ന് യുവതിയെ മര്‍ദിച്ചെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഓടിയകന്ന യുവതി വാതില്‍ കൊട്ടിയടയ്ക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാര്‍ തള്ളിത്തുറന്ന് അകത്ത് കയറി. പിന്നീട് അല്‍പ സമയത്തിന് ശേഷം യുവതിയുടെ നിലവിളി നിലച്ചെന്നും പിന്നീട് യുവതിയെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. യുവതിയെ മര്‍ദിക്കുന്നത് തടയാന്‍ ചെന്ന തങ്ങളേയും മര്‍ദിച്ചെന്ന് ഇവര്‍ പരാതിപ്പെടുന്നു.
കനയ്യയെ തേടിയുള്ള പൊലീസ് റെയിഡിനിടെയാണ് മര്‍ദനം നടന്നതെന്നാണ് ആരോപണം. യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 304 (കുറ്റകരമായ നരഹത്യ), 452 (വീട്ടില്‍ അതിക്രമിച്ച് കടക്കല്‍), 323 ( മുറിവേല്‍പ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചന്ദൗലി സദര്‍ അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: History-sheeter’s daughter died after police raid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here